(കടപ്പാട്: അകിര കുറോസവയുടെ 'ഡ്രീംസ്-(1990)' എന്ന സിനിമയിലെ 'ദി ടണല്‍' എന്ന ഭാഗം) നല്ല മഴയത്താണ് അവസാനത്തെ ബസില്‍ ബ്രാഞ്ച് സെക്രട്ടറി കരുണന്‍മാഷ് ചെങ്ങല്‍പ്പീടിക സ്റ്റോപ്പില്‍ ബസിറങ്ങിയത്. കടകളെല്ലാം അടച്ചു. വിജനമാണ് റോഡും പരിസരവും. ബസിറങ്ങുമ്പോള്‍ തന്നെ തുറന്നു പിടിച്ച കുട നേരെയാക്കി ചുറ്റുമൊന്ന് നോക്കി വീട്ടിലേക്കുള്ള കട്ട് റോഡിനു നേര്‍ക്ക് നടന്നു. റോഡിന് മുന്നിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് കെട്ടിക്കിടന്ന ചെളിവെള്ളത്തില്‍ ചവിട്ടാതെ രക്ഷപ്പെട്ട് ഒരു മൂലയിലൂടെ കട്ട് റോഡിലേക്ക് കയറുമ്പോള്‍ ഇരുട്ടില്‍ ദൂരെ നിന്ന് പട്ടിയുടെ ദീര്‍ഘമായ മോങ്ങല്‍ കേട്ടു. മുണ്ട് മടക്കിക്കുത്തി സ്ട്രീറ്റ് ലൈറ്റുകളൊന്നുമില്ലാത്ത റോഡിലൂടെ വേഗം നടക്കാനൊരുങ്ങുമ്പോള്‍ കാലില്‍ എന്തോ തടഞ്ഞതുപോലെ തോന്നി. ബാഗില്‍ നിന്ന് പെന്‍ ടോര്‍ച്ചെടുത്ത് തെളിച്ചുനോക്കി. വാഹനത്തിന്റെ ടയര്‍ കയറി ചതഞ്ഞ പാമ്പായിരുന്നു. കുടയുടെ അറ്റം കൊണ്ട് അതിനെ റോഡരികിലേക്ക് തള്ളി മാറ്റി മുന്നോട്ടു നടന്നു തുടങ്ങിയപ്പോള്‍ വീണ്ടും സംശയമായി. പാമ്പ് റോഡരികിലേക്ക് തന്നെ പോയില്ലേ? കുടയുടെ അറ്റത്ത് പറ്റിപ്പിടിച...