Skip to main content

രാത്രിരാഗങ്ങളുടെ അലിഗഢ്


ഹന്‍സല്‍ മേത്തയുടെ 'അലിഗഢ്' ഫിബ്രവരിയിലാണ് തിയറ്ററുകളിലെത്തിയത്. റിലീസ് കാലത്തേക്ക് ഒതുങ്ങേണ്ട ചിത്രമല്ല ഇത്. ബോളിവുഡില്‍ ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. ഹൃദ്യമായൊരു സൗഹൃദത്തിന്റെ ഓര്‍മ; ഒരു രാത്രിരാഗത്തിന്റെ വശ്യതയോടെ നേര്‍ത്തും കനത്തും ഇഴഞ്ഞും ഇഴുകിയും പാടിത്തീരുന്ന ഗാനം- അങ്ങനെയാണ് അലിഗഢ്. പെട്ടെന്നൊന്നും മായാത്ത, വിഷാദം നിഴല്‍ പടര്‍ത്തി നില്‍ക്കുന്ന ദൃശ്യാനുഭവം.

 അലിഗഢ് സര്‍വകലാശാലയിലെ മറാത്തി പ്രൊഫസര്‍ ശ്രീനിവാസ രാമചന്ദ്ര സിറസിനെ അവിസ്മരണീയനാക്കിയ മനോജ് ബാജ്‌പേയിയുടെ അഭിനയ ചാരുത അതിലേറെ ഹൃദ്യം. ഉടല്‍കൊണ്ട് നടന്‍ തീര്‍ക്കുന്ന കവിതയാണ് മികച്ച കഥാപാത്രമെങ്കില്‍, തിരശ്ശീലയില്‍ മനോജ് തീര്‍ക്കുന്ന മനോഹര കാവ്യമാണ് സിറസ്. 2014-ല്‍ 'ഷാഹിദ്' എന്ന ചിത്രത്തിലൂടെ രാജ്കുമാര്‍ റാവുവിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മേത്ത മനോജിനെയും ആ സാധ്യതയിലേക്ക് ഉയര്‍ത്തിയേക്കും. റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ ബുസാന്‍, ലണ്ടന്‍ മേളകളില്‍ ഏറെ പ്രശംസ നേടിയിരുന്നു ചിത്രം. 'ഇന്ത്യന്‍ സിനിമയില്‍ പുരുഷ സ്വവര്‍ഗാനുരാഗം പ്രമേയമായി ഇന്നേവരെ ഇറങ്ങിയതില്‍ ഏറ്റവും മൗലികതയുള്ള ചിത്രം' എന്നായിരുന്നു ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശേഷണം. എങ്കിലും റിലീസിങ്ങിനു മുമ്പേ വിവാദങ്ങള്‍ ഘോഷയാത്ര തുടങ്ങിയിരുന്നു. ആദ്യദിവസത്തിന് ശേഷം, അലിഗഢ് നഗരത്തില്‍ ചിത്രത്തിന് അപ്രഖ്യാപിത വിലക്കുണ്ടായി. നിരോധനമില്ലെന്ന് ജില്ലാഭരണകൂടം പറഞ്ഞെങ്കിലും ഒരിടത്തും പ്രദര്‍ശിപ്പിച്ചില്ല. നഗരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ചിത്രമെന്ന് ബി.ജെ.പി മേയര്‍ ശകുന്തള ഭാരതി നിലപാടെടുത്തു. ചിത്രത്തിനെതിരെ നിയമനടപടി സ്വീകരികക്കുമെന്ന് സര്‍വകലാശാല പി.ആര്‍.ഒ റാഹത്ത് അബ്രാറും പ്രഖ്യാപിച്ചു. മില്ലത്ത് ബേദാരി മുഹിം കമ്മിറ്റി(എം.ബി.എം.സി) എന്ന സംഘടന പ്രതിഷേധം സംഘടിപ്പിച്ചു. ന്യായീകരിക്കാനാകാത്ത 'എ' സര്‍ട്ടിഫിക്കറ്റുമായാണ് ചിത്രം തിയറ്ററിലെത്തിയതും.


സ്വവര്‍ഗാനുരാഗിയാണെന്ന് കോടതിയില്‍ വെളിപ്പെടുത്തിയ, അലിഗഢ് സര്‍വകലാശാലയിലെ അധ്യാപകനാണ് എസ്.ആര്‍. സിറസ്. പല ഭാഷകള്‍ പഠിപ്പിക്കുന്ന മോഡേണ്‍ ലാംഗ്വേജസ് വകുപ്പിന്റെ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം. 64 വയസ്സുണ്ടായിരുന്ന സിറസ് 22 വര്‍ഷം സര്‍വകലാശാലയില്‍ പഠിപ്പിച്ചു. 2010 ഫിബ്രവരിയില്‍ ഉണ്ടായ ഒരു സംഭവമാണ് ചിത്രത്തിന് ആധാരം. സിറസ് താമസിക്കുന്ന അലിഗഢ് മെഡിക്കല്‍ കോളനി 21-ാം നമ്പര്‍ ക്വാര്‍ട്ടേഴ്‌സിലെ മുറിയിലേക്ക് ഒരു രാത്രി പ്രാദേശിക ചാനലുകളിലെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി. അദ്ദേഹവും ആണ്‍സുഹൃത്തും തമ്മിലുള്ള ബന്ധം വീഡിയോയില്‍ ചിത്രീകരിച്ചു. പിറ്റേദിവസം മാധ്യമങ്ങളില്‍ വാര്‍ത്തയായി. പ്രൊഫ.സിറസിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഫ്‌ളാറ്റില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ സിറസ് കോടതിയെ സമീപിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനെതിരെയും സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ഹര്‍ജി. വിഭിന്നമായ ലൈംഗികാഭിരുചി സൂക്ഷിക്കുന്നതോ സ്വകാര്യതയില്‍ ചെയ്യുന്ന കാര്യങ്ങളോ പെരുമാറ്റ ദൂഷ്യം ആയി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. തൊഴില്‍പരമായ കര്‍ത്തവ്യങ്ങളെ ഇത്തരം ലൈംഗികാഭിരുചികള്‍ ബാധിക്കുന്നുമില്ല. പെരുമാറ്റ ദൂഷ്യം ആരോപിച്ചാണ് സിറസിനെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നത്. കേസ് വിധിയായെങ്കിലും ഉത്തരവ് കാമ്പസിലെത്തുന്നത് കാത്തിരിക്കുകയായിരുന്നു സിറസ്. വീണ്ടും ജോലിക്കെത്തുന്നതിന്റെ തലേദിവസം 2010 ഏപ്രില്‍ ഏഴിന് അദ്ദേഹം മരിച്ചു.


 വിഷം ഉള്ളില്‍ചെന്നതാണ് മരണ കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. പിന്നീട് പോലീസ് കേസെടുത്ത് ആറുപേരെ അറസ്റ്റുചെയ്തു. പക്ഷേ പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിച്ചു. ഏകാകിയായി ജീവിച്ച അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത മറനീക്കണമെന്ന് ആവശ്യപ്പെട്ട് ആരും വന്നതുമില്ല. സിറസ് റിട്ടയര്‍ ചെയ്യാന്‍ ആറുമാസം കൂടി ബാക്കിയുണ്ടായിരുന്നു മരിക്കുമ്പോള്‍. അദ്ദേഹം എഴുതിയ 'പായ കല്‍ച്ചി ഹവായി' എന്ന സമാഹാരത്തിന് മറാത്തി സാഹിത്യ പരിഷത്തിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ജീവിതത്തിലെയും സിനിമയിലെയും സിറസുമാരെ സാമ്യപ്പെടുത്തിയേക്കാവുന്ന പ്രേക്ഷകന്റെ ഉദ്യമത്തിന് നിഷേധക്കുറിപ്പ് രേഖപ്പെടുത്തിയാണ് ചിത്രം തുടങ്ങുന്നത്. കഥാപാത്രവും യഥാര്‍ഥ സിറസും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടുതാനും. പ്രമേയത്തിന്റെ തീവ്രതയ്ക്കും ആഖ്യാനത്തിന്റെ സൗകര്യത്തിനും വേണ്ടി കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളും മാറ്റിയിട്ടുമുണ്ട്. എങ്കിലും ചുരുക്കം ചിലരുടേതൊഴിച്ചാല്‍ കഥാപാത്രങ്ങള്‍ക്ക് യഥാര്‍ഥ പേരുകള്‍ നിലനിര്‍ത്താനും ശ്രമിച്ചിട്ടുണ്ട്. ചില മലയാളി ഇടപെടലുകളുണ്ട് സിറസിന്റെ ജീവിതത്തില്‍. അത് ആദ്യം പറയാം. മനോജിന്റെ കഥാപാത്രത്തോടൊപ്പം തന്നെ പ്രാധാന്യമുള്ള, രാജ്കുമാര്‍ റാവു അവതരിപ്പിക്കുന്ന ദീപു സെബാസ്റ്റ്യന്‍ എന്ന പത്രപ്രവര്‍ത്തകനാണ് ആദ്യത്തെയാള്‍. ഡല്‍ഹിയില്‍ 'ഇന്ത്യന്‍ എക്‌സ്പ്രസി'ലുണ്ടായിരുന്ന, ഇപ്പോള്‍ ചെന്നൈ 'ദി ഹിന്ദു'വില്‍ ജോലി ചെയ്യുന്ന അതേപേരുള്ള മലയാളി. അദ്ദേഹമാണ് സിറസിന്റെ പ്രശ്‌നങ്ങള്‍ മനുഷ്യാവകാശ വിഷയം എന്ന നിലയില്‍ റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

ചിത്രത്തില്‍ സിറസും ദീപുവും തമ്മില്‍ ഗാഢസൗഹൃദമുണ്ട്. അവര്‍ തമ്മില്‍ പലവട്ടം കണ്ടുമുട്ടുന്നുമുണ്ട്. എന്നാല്‍ 2010-ല്‍ അലിഗഢിലെ വാടകമുറിയില്‍ മരിച്ചുകിടക്കുമ്പോഴാണ് ആദ്യമായി സിറസിനെ നേരിട്ടു കാണുന്നതെന്ന് ദീപു ഒരഭിമുഖത്തില്‍ എഴുതിയിട്ടുണ്ട്. സിറസ് സര്‍വകലാശാലയില്‍ തിരിച്ചെത്തുന്നതിന്റെ ഭാഗമായി അഭിമുഖം തയാറാക്കാനായി അലിഗഢിലെത്തിയതായിരുന്നു അദ്ദേഹം. അതിനുമുമ്പ് ഫോണിലൂടെയായിരുന്നു ഇരുവരുടെയും സൗഹൃദം. ഒടുവില്‍ സിറസ് മരിച്ചുകിടന്ന സ്ഥലത്തേക്കാണ് ദീപു എത്തിയത്. പ്രശ്‌നങ്ങള്‍ നടക്കുന്ന കാലത്ത്, മലയാളിയായ പി.കെ.അബ്ദുള്‍ അസീസ് ആയിരുന്നു സര്‍വകലാശാല വൈസ് ചാന്‍സലര്‍. സിറസിനെ സസ്‌പെന്‍ഡ് ചെയ്തതും അദ്ദേഹമായിരുന്നു. അത് രണ്ടാമത്തെ ഇടപെടല്‍. സിനിമയില്‍ പറയുന്ന, അലിഗഢ് സര്‍വകലാശാലയിലെ മലയാള വിഭാഗം അധ്യാപകന്‍ ശ്രീധരനാണ് മൂന്നാമന്‍. ആണ്‍സുഹൃത്തിനൊപ്പം കണ്ട വിഷയത്തില്‍ 'ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെ'ന്ന് സിറസില്‍ നിന്ന് വൈസ് ചാന്‍സലര്‍ക്ക് മാപ്പപേക്ഷ എഴുതി വാങ്ങിയത് ശ്രീധരനായിരുന്നു. കേസിന്റെ ഘട്ടത്തില്‍ ഇത് സിറസിനെതിരായ തെളിവായി മാറുകയും പ്രൊഫ.ശ്രീധരന്‍ അദ്ദേഹത്തെ കൈയൊഴിയുകയും ചെയ്യുന്നുണ്ട്. ഉത്തരേന്ത്യയില്‍ മലയാളം പഠനവകുപ്പ് ഉള്ള സര്‍വകലാശാലകളിലൊന്നാണ് അലിഗഢ്. ജീവിതാനുഭവങ്ങളും ജീവചരിത്രവും സിനിമയാക്കുമ്പോള്‍ നേരിടുന്ന രണ്ടു പ്രധാന വെല്ലുവിളികളെ സംവിധായകനും സംഘവും മറികടക്കുന്നുവെന്നതാണ് അലിഗഢിന്റെ ഭംഗി. പ്രേക്ഷകന് മുന്‍ധാരണയുള്ള സംഭവങ്ങള്‍ സ്‌ക്രീനിലെത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന വിരസത ഒരു പ്രശ്‌നമാണ് പലപ്പോഴും. അതിനെ സര്‍ഗാത്മകമായി തരണം ചെയ്യുക വെല്ലുവിളി തന്നെയാണ്. ഇപ്പോഴും സമൂഹവും നിയമ വ്യവസ്ഥയും സംശയത്തോടെ കാണുന്ന സ്വവര്‍ഗാനുരാഗം എന്ന വിഷയത്തെ പ്രേക്ഷകന് കൂടി സ്വീകാര്യമാകുന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് രണ്ടാമത്തേത്. ഭാവാത്കമായ അവതരണം ഇവയെ മറികടക്കുന്നുണ്ട്. ഇതളുകള്‍ ഓരോന്നായി പൊഴിഞ്ഞു തീരുന്ന പൂവുപോലെയാണ് സിറസിന്റെ വ്യക്തിസവിശേഷതകള്‍ ഊര്‍ന്നുവീഴുന്നത്. ആവശ്യമുള്ളിടത്ത് വിസ്തരിച്ചും വേണ്ടിടത്ത് കുറുക്കിയും ഉള്ള രാഗാലാപം പോലെ.

ചിത്രം കാണുന്ന ആരും അത്രപെട്ടെന്ന് മറക്കാത്ത ഒരു ദൃശ്യമുണ്ട് അതില്‍. ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചിരുന്ന്, മദ്യത്തിനൊപ്പം പഴയ ടേപ് റെക്കോര്‍ഡറില്‍ ലതാമങ്കേഷ്‌കറിന്റെ 'ആപ് കി നസരോം നെ സംജാ പ്യാര്‍ കെ കാബില്‍ മുജെ' എന്ന പാട്ടുകേള്‍ക്കുന്ന രംഗം. വരികള്‍ക്കൊപ്പം വിരലുകളില്‍ പാട്ടുവിരിയിച്ച്, ഏതോ ഓര്‍മയി്ല്‍ ലയിച്ച് വിഷാദാര്‍ദ്രനായി നില്‍ക്കുന്ന, നരച്ച കുറ്റിരോമങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന പ്രൊഫ.സിറസിന്റെ മുഖം. 1962-ല്‍ ഇറങ്ങിയ 'അന്‍പദ്' എന്ന സിനിമയില്‍ മാലാ സിന്‍ഹയും ധര്‍മേന്ദ്രയും അഭിനയിച്ച പാട്ട്, രണ്ടുവരി പിന്നിടുമ്പോഴേക്കും ഇടറുന്ന ശബ്ദവുമായി അദ്ദേഹവും ചേരുന്നു. മൂന്നു മിനിറ്റിലധികമുള്ള ഈ സീനിലെ മനോജ് ബാജ്‌പേയിയുടെ പ്രകടനം അവാച്യമാണ്. സര്‍ക്കാര്‍ മദ്യശാലയില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്ന, ജീവിതം വീഞ്ഞുചഷകം പോലെ കുടിച്ചുവറ്റിക്കുന്ന, വിരസനേരങ്ങളില്‍ കവിത കുറിക്കുന്ന, വീടിനപ്പുറം, ചാനല്‍ കാമറകള്‍ക്കുമുന്നിലും കോടതി മുറിയിലും ആത്മവിശ്വാസമില്ലാതാവുന്ന...അങ്ങനെയൊരു കഥാപാത്രമാണ് സിറസ്.


നിലപാടുകളും ചില പ്രത്യേക സ്വഭാവ സവിശേഷതകളും ഉള്ളയാളാണ് അദ്ദേഹം. അത് വെളിവാക്കുന്ന സന്ദര്‍ഭങ്ങള്‍ കൗതുകം കരുന്നതാണ്. പത്രപ്രവര്‍ത്തകനായ ദീപു, സിറസിനെ അഭിമുഖം ചെയ്യുന്നതിനിടയില്‍ 'നിങ്ങള്‍ ഗേ(gay-പുരുഷ സ്വവര്‍ഗ പ്രണയി) ആയതുകൊണ്ടാണോ ഇത്തരമൊരു നീക്കം(ഒളികാമറ ദൗത്യത്തിലൂടെ പുറത്താക്കാനുള്ള ശ്രമം) ഉണ്ടായത്' എന്ന് ചോദിക്കുന്നു.

നിസഹായതയും വിസമ്മതവും എന്നാല്‍ വിശദമാക്കാന്‍ തയാറുള്ള അധ്യാപകന്റെ ഭാവവും ഒക്കെ ചേര്‍ന്നുള്ള നോട്ടമാണ് സിറസ് തിരികെ നല്‍കുന്നത്.

 'മുജേ യേ ശബ്ദ് കെ മത്‌ലബ് സമജ് നഹി ആത്താ ബാബാ'( ഈ വാക്കിന്റെ അര്‍ഥം എനിക്ക് മനസിലാകുന്നില്ലല്ലോ?). ഗേ എന്ന വാക്കിനോട് അദ്ദേഹത്തിനുണ്ടായിരുന്ന വിയോജിപ്പാണ് അത്.

 തുടര്‍ന്നുള്ള സംഭാഷണം ഇങ്ങനെയാണ്: ദീപു-അപ്പോള്‍ നിങ്ങള്‍ ഗേ അല്ലേ? സിറസ്-ഏന്റെയീ വികാരത്തെ നിങ്ങള്‍ക്കെങ്ങനെയാണ് വെറും മൂന്നക്ഷരങ്ങളില്‍ വിവരിക്കാനാകുക? കവിത പോലെ, തീവ്രവമായൊരു ആഗ്രഹമാണത്. നിയന്ത്രിക്കാനാകാത്ത അദമ്യമായ ജ്വലിക്കുന്ന കാമന...നിങ്ങളുടെ പുതുതലമുറയ്ക്ക് കവിതതന്നെ മനസിലാകില്ല. എല്ലാറ്റിനെയും ഏതെങ്കിലും ലേബലുകള്‍ കൊണ്ട്് വിശേഷിപ്പിക്കാനാണ് നോക്കുക. ഫന്റാസ്റ്റിക്, മാര്‍വെലസ്, സുപര്‍ബ്, കൂള്‍...

 ചിരിച്ചുകൊണ്ട് 'ഓവ്‌സം' എന്ന് ദിപുവും കൂട്ടിച്ചേര്‍ക്കുന്നു. പല ഘട്ടത്തിലും ഗേ എന്ന വാക്ക് സിറസിനെ അലോസരപ്പെടുത്തുന്നുണ്ട്. ചെറുപ്പത്തിന്റെ നിഷ്‌കളങ്കതയും ആവശേവും കുസൃതിത്തരങ്ങളുമൊക്കെയുള്ള ദീപുവിലെ രാജ്കുമാര്‍ റാവുവും കഥാപാത്രം ഭംഗിയാക്കിയിട്ടുണ്ട്.

 കഥപറച്ചിലിന്റെ സൂക്ഷ്മാംശങ്ങളില്‍ പുലര്‍ത്തുന്ന ശ്രദ്ധയാണ് ചിത്രത്തെ വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകം. സ്വവര്‍ഗ പ്രണയിയായ ഒരാളുടെ ജീവിതം എന്ന് ഒറ്റവരിയില്‍ പറയാമെങ്കിലും കഥയ്ക്ക് സൂക്ഷ്മവും വിശാലവുമായ തലങ്ങളുണ്ട്. സ്വകാര്യതയും അതിലേക്കുള്ള അതിക്രമിച്ചുകടക്കലും തന്നെയാണ് അത്. വാതിലുകളും ജനാലകളും ജാലകവിരികളുമെല്ലാം ചിത്രത്തിലെ സുപ്രധാന ഘടകങ്ങളാണ്. സൈക്കിള്‍ റിക്ഷയിലെത്തുന്ന പ്രൊഫ.സിറസും റിക്ഷാ ഡ്രൈവറും ഒന്നാം നിലയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് കയറിപ്പോകുന്നതാണ് ചിത്രത്തിന്റെ തുടക്കം. മുകളിലെ, ഇരുമ്പുവല കൊണ്ട് മറച്ച ബാല്‍ക്കണിയുടെ ജാലകവിരിയുടെ വിടവിലൂടെ വീടിനകത്ത് തുടര്‍ച്ചയായി ലൈറ്റ് അണയ്ക്കുന്നതും തെളിയിക്കുന്നതും ആണ് പിന്നീട് കാണുന്നത്.

ചിത്രത്തിലെ പ്രധാന സംഭവവുമാണത്. പോകെപ്പോകെയാണ് അത് നമുക്ക് വെളിവാകുക. സിറസിനെ തേടി വീട്ടിലെത്തുന്ന ദീപു കാണുന്നത് മൂന്നു പൂട്ടുകള്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന വാതിലാണ്. താക്കോല്‍ മറന്നുപോകുന്ന അദ്ദേഹത്തിന്റെ ഓര്‍മക്കുറവും ഒളികാമറക്കാരുടെ അതിക്രമത്തിന് ശേഷമുള്ള ജാഗ്രതയും എല്ലാം ഇതിലുണ്ട്. വാതിലിനു പുറത്തുള്ള ശബ്ദങ്ങളെ നേരിടുന്ന സിറസിന്റെ ജാഗ്രത പോലും സൂക്ഷ്മമായാണ് ആവിഷ്‌കരിക്കുന്നത്. തന്നെ കാണാനെത്തുന്ന സഹാധ്യാപകന്‍ ശ്രീധരന് വാതിലിന്റെ ഒരു പാളി മാത്രമാണ് തുറന്നുകൊടുക്കുന്നത്. അതും പലവട്ടം ഉറപ്പുവരുത്തിയതിന് ശേഷം. അയാളുടെ പിന്നാലെ ആരെങ്കിലുമുണ്ടോ എന്ന സംശയത്തില്‍ വീണ്ടും പുറത്തേക്ക് നോക്കുകയും ചെയ്യുന്നു.

മെഡിക്കല്‍ കോളനിയില്‍ നിന്ന് ബഹിഷ്‌കൃതനായി മറ്റൊരിടത്തെത്തിയതോടെ ആരെങ്കിലും അതിക്രമിച്ച് വരുന്നത് തടയാന്‍ വാതിലിനു പിറകില്‍ കസേരയിട്ട് ഇരുന്നാണ് അദ്ദേഹം ഉറങ്ങുന്നത്്. മരിക്കുന്നതിന്റെ തലേരാത്രിയില്‍ വാതിലിനടുത്തുനിന്ന് കേള്‍ക്കുന്ന ശബ്ദത്തിലേക്ക് സിറസ് സംശയത്തോടെ നോക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നതും. ഡല്‍ഹിയില്‍ താമസിക്കുന്ന ബാച്ചിലര്‍ ആയ ദീപുവിനും ഉണ്ട് സ്വകാര്യതാ നഷ്ടങ്ങള്‍. ഒരു വീടിന്റെ മുകളിലത്തെ നിലയില്‍ പേയിങ് ഗസ്റ്റ് ആയാണ് അയാള്‍ കഴിയുന്നത്. രാത്രി വീട്ടിലെത്തിയാല്‍ പലപ്പോഴും എന്തെങ്കിലും ആവശ്യങ്ങളുമായി വീട്ടുകാരി മുറിക്കുള്ളിലേക്ക് കയറിവരും. നേരത്തെ എത്തുന്ന ഒരുദിവസം തന്റെ മുറിയില്‍ അവര്‍ കുട്ടികളുമായി ട്യൂഷന്‍ നടത്തുന്നതാണ് ദീപു കാണുന്നത്. അതേസമയം ജോലി ചെയ്യുന്ന ഓഫീസ് കെട്ടിടത്തിന്റെ സി.സി.ടി.വികള്‍ക്കിടയിലും സ്വകാര്യതയുടെ ഇടം കണ്ടെത്താന്‍ കഴിയുന്ന പുതുതലമുറയുടെ പ്രതിനിധിയുമാണ് അയാള്‍. തിരക്കഥയിലെ ഇത്തരം സൂക്ഷ്മതകള്‍ കൗതുകം പകരുന്നതാണ്.

 ഹന്‍സല്‍ മേത്തയുടെ ഷാഹിദി(2014)ലും സിറ്റിലൈറ്റ്‌സി(2015)ലും ഒപ്പമുണ്ടായിരുന്ന ചിത്രസംയോജകന്‍ കൂടിയായ, അപൂര്‍വ അസ്രാണി തന്നെയാണ് ഇതിന്റെയും തിരക്കഥയും തയാറാക്കിയത്. രാംഗോപാല്‍ വര്‍മയുടെ സത്യ(1998)യുടെ എഡിറ്റിങ്ങിലൂടെയാണ് ബാംഗ്ലൂര്‍ക്കാരനായ ഇദ്ദേഹം ബോളിവുഡില്‍ ശ്രദ്ധേയനായത്. പിന്നീട് സ്‌നിപ്പ് എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡിനര്‍ഹനാകുകയും ചെയ്തു. രാത്രിരംഗങ്ങളാണ് ചിത്രത്തില്‍ ഏറെയും. ഭാവാത്മകവും മധുരതരവുമായ രാത്രിദൃശ്യങ്ങളെ ഓര്‍മയില്‍ നിര്‍ത്തുന്നതില്‍ സത്യറായി നാഗ്പാലിന്റെ കാമറയ്ക്കുള്ള പങ്കും പറയാതെ വയ്യ. ഫിബ്രവരിയിലെ ഉത്തരേന്ത്യന്‍ ശൈത്യം അനുഭവിപ്പിക്കുന്ന ആദ്യരംഗം തന്നെ ഉദാഹരണം. ലജ്ജാലുവും ഒതുങ്ങിക്കഴിയുന്നയാളുമാണ് പ്രൊഫ.സിറസ്. സിനിമകാണാനെത്തിയ പ്രേക്ഷകന്‍ പോലും അദ്ദേഹത്തിന്റെ സ്വകാര്യതയിലേക്ക് കടക്കേണ്ടതില്ലെന്ന മട്ടിലാണ് സിറസിനെ അവതരിപ്പിക്കുന്നത്. ചിലപ്പോള്‍ വാതിലുകള്‍ക്കിടയിലൂടെയാണ് നാം അദ്ദേഹത്തെ കാണുക. കാഴ്ച്ചക്കോണുകളുടെ ഈ തിരഞ്ഞെടുപ്പ് പ്രേക്ഷകനെ പുറത്തുനിന്ന് ഒളിഞ്ഞുനോക്കുന്നയാളാക്കുന്നുണ്ട്. കഥാപാത്രത്തെ കുറിച്ച് ഇനിയുമിനിയും അറിയാനുണ്ട് എന്നൊരു ധ്വനി ഉണ്ടാക്കാന്‍ ഇതിലൂടെ കഴിയുന്നുണ്ട്. വോങ്-കര്‍-വായി ചിത്രമായ 'ഇന്‍ ദി മൂഡ് ഫോര്‍ ലവി'(2000)ലെ ദൃശ്യങ്ങള്‍ ഓര്‍മ വരുന്നുണ്ട് ഇത് കാണുമ്പോള്‍.

ആശിഷ് വിദ്യാര്‍ഥിയും ആനന്ദ് ഗ്രോവര്‍ എന്ന വക്കീലിന്റെ വേഷത്തില്‍ ചിത്രത്തിലുണ്ട്. മുംബൈ മലയാളി ദിവ്യ ഉണ്ണി (പഴയ ദിവ്യ ഉണ്ണി അല്ല) ചെറിയ വേഷത്തില്‍ വന്നുപോകുന്നു.

 സ്വവര്‍ഗ പ്രണയം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരങ്ങള്‍ക്ക് ആവേശം നല്‍കുന്നതായിരുന്നു സിറസിന്റെ കേസിലെ വിധി. നാസ് ഫൗേേണ്ടഷന്‍ എട്ടുവര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ സ്വവര്‍ഗപ്രണയം നിയമവിധേയമാക്കികൊണ്ട് 2009-ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. സിറസിന്റെ കേസിന് ഇത് ബലം നല്‍കി. എന്നാല്‍ 2013-ല്‍ സുപ്രീം കോടതി ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കി സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കി. അലിഗഢ് സിനിമ പുറത്തിറങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഭരണഘടനയുടെ 377-ാം അനുഛേദമായ ഈ വിഷയം നിയമ വിധേയമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമായത്. ഫിബ്രവരി ആദ്യവാരത്തില്‍ സുപ്രീം കോടതിയില്‍ വന്ന പുതിയൊരു ഹര്‍ജിയാണ് ഇതിന് കാരണമായത്. പാര്‍ലമെന്റില്‍ നിയമം പാസാക്കുകയാണ് സ്വവര്‍ഗരതിക്ക് നിയമപ്രാബല്യം നല്‍കാനുള്ള വഴി എന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മുമ്പ് ശശി തരൂര്‍ മുമ്പ് രണ്ടുതവണ ഈ വിഷയത്തില്‍ സ്വകാര്യ ബില്‍ കൊണ്ടുവന്നെങ്കിലും അത് പരാജയപ്പെട്ടു.

Comments

Popular posts from this blog

സംവരണം വന്ന വഴികള്‍

വി.വി.വിജു ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ പലഘട്ടങ്ങളിലും സംവരണ ചര്‍ച്ചകള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന വിഷയമാണ് ഇതെന്നതാണ് കാരണം. അടുത്തിടെ ഗുജറാത്തില്‍ പത്തിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഈ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. പട്ടേല്‍ സമുദായത്തെ ഒ.ബി.സി(മറ്റു പിന്നാക്ക വിഭാഗം) പട്ടികയില്‍ ഉള്‍പ്പെടുത്തി തൊഴില്‍ സംവരണം നല്‍കണമെന്നാണ് ആവശ്യം. ഹാര്‍ദിക്ക് പട്ടേല്‍ എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ കൊളുത്തിവിട്ട ഈ സമരത്തിന് മറ്റിടങ്ങളിലും അലയൊലികളുണ്ടായി. വടക്കേ ഇന്ത്യയിലെ ജാട്ട് സമുദായക്കാരും ഗുജ്ജറുകളും ഇതിന്റെ ചുവടുപിടിച്ച് സമരത്തിന് തയാറെടുക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തിന്റെ സമരവും ബി.ജെ.പി സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ആളികത്താനാണ് സാധ്യത. ഇതുമാത്രമല്ല, സംവരണത്തെ സംവാദങ്ങളിലേക്ക് കൊണ്ടുവരാന്‍ കാരണമായത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ഐ.ഐ.ടിയില്‍ 73 വിദ്യാര്‍ഥികളെ പുറത്താക്കി. പരീക്ഷയില്‍ മോശം പ്രകടനം നടത്തിയതായിരുന്നു കാരണം. ഇതില്‍ 90 ശതമാനം പേരും സംവരണ വിഭാഗത്തില്‍ പ്രവേശനം നേടി...

'ഈട'യെന്തെല്ലാ നടക്ക്‌ന്നേന്ന് ആരാപ്പാ നോക്ക്ന്ന്

കക്ഷിരാഷ്ട്രീയത്തില്‍ ചിന്താശേഷി പണയം വെച്ചിട്ടില്ലാത്തവര്‍ 'ഈട' എന്ന സിനിമ കാണണം. ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കുക എന്നത് ഒരു രാഷ്ട്രീയ ഇടപെടല്‍ കൂടിയാണ്. മലയാളസിനിമയില്‍ കണ്ണൂര്‍ രാഷ്ട്രീയം പ്രമേയമായി ഇന്നേവരെ ഇറങ്ങിയതില്‍ ഏറ്റവും ആത്മാര്‍ഥവും സത്യസന്ധവുമായ ചിത്രമാണ് ബി. അജിത് കുമാറിന്റെ 'ഈട'. വാണിജ്യ വിജയമോ വ്യക്തിഗതമായി ലഭിച്ചേക്കാവുന്ന പ്രശസ്തിയോ പരിഗണിക്കാതെ, തനിക്ക് പറയാനുള്ള കാര്യം സിനിമയിലൂടെ പറയുന്ന ധീരതയ്ക്ക് പിന്തുണയാകും നിങ്ങളുടെ ടിക്കറ്റ്. കണ്ണൂരിലെ കൊലപാതക-ചോര രാഷ്ട്രീയത്തിന്റെ ഇരുപക്ഷത്തും നില്‍ക്കുന്നവര്‍ ഈ സിനിമയെ കൊണ്ടാടാനിടയില്ല. കാരണം രണ്ടുപക്ഷത്തെയും ഇത് വിചാരണയ്ക്ക് വിധേയമാക്കുന്നുണ്ട്. ഒരല്‍പം ഒത്തുതീര്‍പ്പ് നടത്തിയിരുന്നെങ്കില്‍, 'മെക്‌സിക്കന്‍ അപാരത'യില്‍ തുടങ്ങി രാമലീല വരെ ഉള്ള 'മല്ലു കമ്യൂണിസ്റ്റ്' സിനിമകള്‍ നേടിയെടുത്ത ഇടം 'ഈട'യ്ക്കും ലഭിക്കുമായിരുന്നു. ഒപ്പം തരക്കേടില്ലാത്ത കളക്ഷനും. അത്തരം ഒത്തുതീര്‍പ്പുകള്‍ വേണ്ടെന്ന് വെക്കുന്ന ആര്‍ജവമാണ് ഈ സിനിമയുടെ നട്ടെല്ല്. സി.പി.എമ്മിന്റെയോ ബി.ജെ.പിയുടെയോ ആരാധക സംഘം ഇത് ആഘ...