മുന്നറിയിപ്പ്: റിവ്യൂ അല്ല
ഡല്‍ഹിയില്‍ നടന്ന പ്രഥമ ബ്രിക്‌സ് ഫിലിംഫെസ്റ്റിവലില്‍ ജയരാജിന്റെ 'വീരം' കണ്ടിരുന്നു. ഉദ്ഘാടന ചിത്രമായിരുന്നു അത്. ഹുയാന്‍ സാങ് എന്ന ചൈനീസ് ചിത്രമായിരുന്നു കാണണമെന്നാഗ്രഹിച്ച മറ്റൊരു ചിത്രം. അത് കാണാന്‍ പറ്റിയില്ല. ജയരാജിന്റെ നവരസ സിനിമകളില്‍ ഒടുവില്‍ പുറത്തുവന്നത് എന്ന നിലയില്‍ ഏറെ കൗതുകത്തോടെയാകും ആളുകള്‍ ഇതിനെ കാത്തിരിക്കുന്നുണ്ടാകുക. ബ്രിക്‌സില്‍ കാണിച്ചത് സിനിമയുടെ ഫൈനല്‍ കോപ്പിയായിരുന്നോ എന്നറിയില്ല. ചില അപൂര്‍ണതകള്‍ ഉള്ളതുപോലെ തോന്നി. ഡല്‍ഹിയിലെ പ്രധാന ഫിലിം ഫെസ്റ്റിവലുകള്‍ നടക്കുന്ന സിരിഫോര്‍ട്ടില്‍ പലപ്പോഴും വളരെ അവധാനതയോടെയാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാറ്. ആസ്‌പെക്ട് റേഷ്യാ പോലുള്ള കാര്യങ്ങള്‍ക്ക് ഒരു പ്രാധാന്യവും നടത്തിപ്പുകാര്‍ കൊടുക്കാറില്ല. വീരത്തിന് അത്തരം പ്രശ്‌നങ്ങള്‍ നേരിട്ടിട്ടില്ല.
സിനിമയുടെ ഗുണഗണങ്ങളെ കുറിച്ചല്ല ഈ പോസ്റ്റ്. വടക്കേ മലബാറിന്റെ സാംസ്‌കാരികാംശവുമായി ജീവിക്കുന്ന ഒരാള്‍ എന്ന നിലയില്‍, നല്ലതായാലും മോശമായാലും, 'വീരം' സിനിമയുടെ ദൃശ്യപ്രതിനിധാനങ്ങളെ അപ്പാടെ സ്വീകരിക്കാനാണ് എനിക്ക് തോന്നിയത്. സിനിമകളില്‍ പ്രസാദാത്മകത സൂക്ഷിക്കുന്ന സംവിധായകന്‍ എന്ന നിലയില്‍ ജയരാജിനോട് വ്യക്തിപരമായ ഇഷ്ടക്കൂടുതലും ഉണ്ട്. മലയാളിയുടെ വീരാംശത്തെ ഉത്തരമലബാറിന്റെ പുരാവൃത്തത്തെ ആസ്പദമാക്കി നിര്‍വചിക്കാന്‍ ജയരാജ് നടത്തുന്ന ശ്രമം കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യപ്പെടുന്നതാണ്. കേരളത്തിന്റെ വടക്കു നിന്നുള്ളവര്‍ (വടക്കന്‍മാര്‍) ആദര്‍ശപുരുഷന്‍ എന്നതിലപ്പുറം നൈമിഷികവും സാന്ദര്‍ഭികവുമായ പ്രലോഭനങ്ങള്‍ക്കും വൈകാരിക വാസനകള്‍ക്കും വിധേയന്മാരാകുന്നവരാണ് എന്നൊരു ധാരണ ഉണ്ട്. അതുകൊണ്ടാവാം മനുഷ്യന്റെ വന്യവാസനകള്‍ക്കും വൈകാരിക ദൗര്‍ബല്യങ്ങള്‍ക്കും ഇടമുള്ള ഷേക്‌സ്പിയര്‍ നാടകകഥകള്‍ പ്രമേയമാകുമ്പോള്‍ വടക്കേ മലബാര്‍ പശ്ചാത്തലമാകുന്നത്. മലയാളിയുടെ ആണത്ത സങ്കല്‍പങ്ങളില്‍ വടക്കന്‍ ആണത്തം എന്നത് വേറിട്ടുതന്നെ പഠിക്കപ്പെടേണ്ടതാണ്.
ഒരു വിഡ്ഢിയുടെ ആത്മകഥ എന്ന ലേഖന സമാഹാരത്തില്‍ തച്ചോളി ഒതേനന്റെ വടക്കന്‍ പാട്ടിനെ കുറിച്ചോ മറ്റോ പറയുന്ന ലേഖനത്തില്‍ (പേരോര്‍മയില്ല) വി.സി.ശ്രീജന്റെ ഒരു പരാമര്‍ശമുണ്ട്. 'വലിയ ചെകിളയുള്ള മീനിനെ കണ്ടാലും തൊലി വെളുപ്പുള്ള പെണ്ണിനെ കണ്ടാലും കൊതിയടക്കാനാകാത്ത' എന്നാണ് അതിലെ ആണിനെ വിശേഷിപ്പിക്കുന്നത്. സദാചാര നിഷ്ഠകളെ കുറിച്ച് അധികമൊന്നും വേവലാതിയില്ലാത്ത, പ്രലോഭനങ്ങള്‍ക്ക് തുറന്നുവിടുന്ന ആണിനെയാണ് വടക്കേ മലബാറിലെ നാട്ടുകഥകളില്‍ കാണുക. കുടകിലെത്തിയപ്പോള്‍ ആദ്യദര്‍ശനത്തില്‍ തന്നെ ചെമ്മരത്തിയോട് അനുരാഗം തോന്നിയ ആളാണ് മന്ദപ്പന്‍ എന്ന കതിവനൂര്‍ വീരന്‍(തോറ്റം പാട്ടിലെ കഥ). ആ അനുരാഗം പ്രകടിപ്പിക്കുകയും അപ്പോള്‍ തന്നെ ചെമ്മരത്തിയോടൊപ്പം പൊറുതി തുടങ്ങുകയും ചെയ്തു മന്ദപ്പന്‍. എന്‍.പ്രഭാകരന്റെ ഏഴിനും മീതെ എന്ന ചെറുനോവല്‍ ഇത് ഭംഗിയായി ആവിഷ്‌കരിക്കുന്നുണ്ട്. പ്രഭാകരന്റെ കഥകളിലും നോവലുകളിലും വരുന്ന സമകാലികനായ ആണിനും പുരാവൃത്തകഥകളിലെ കഥാപാത്രങ്ങള്‍ക്ക് സമാനമായ ചില സവിശേഷതകള്‍ ഉള്ളതായി കാണാം.
ആരോമല്‍ച്ചേകവരുടെ വടക്കന്‍ പാട്ടിലെ ചന്തു അത്രയൊന്നും വൈകാരികസ്ഥൈര്യമുള്ള ആളായല്ല അനുഭവപ്പെടുക. ഹരിഹരന്റെ 'ഒരു വടക്കന്‍ വീരഗാഥ' സിനിമയില്‍ കാണുന്നതുപോലെ തീവ്രമായ പ്രണയമൊന്നും വടക്കന്‍ പാട്ടിലെ ചന്തു ഉണ്ണിയാര്‍ച്ചയോട് കാണിക്കുന്നില്ല. എം.ടി. ആ ബന്ധത്തെ ആദര്‍ശവത്കരിക്കാനാണ് ശ്രമിച്ചത്. വീരഗാഥയിലേത് ആധുനികനായ ആണ്‍ ആണ്. മംഗലം കഴിഞ്ഞാലും കാമുകി വിളിച്ചാല്‍ പോകാന്‍ മടിയൊന്നുമില്ലാത്തയാള്‍ ആണ് ചന്തു. ഉണ്ണിയാര്‍ച്ചയുടെ അടുത്തെത്തുമ്പോള്‍ അവരോട് അടുപ്പം കാട്ടുകയും കുഞ്ഞിമാണിയുടെ ക്ഷണങ്ങളെ ആലോചനയൊന്നുമില്ലാതെ സ്വീകരിക്കുകയും ചെയ്യുന്നു അദ്ദേഹം. പലതരം പ്രണയങ്ങള്‍ അദ്ദേഹത്തിനുണ്ടാകാം. സദാചാരനിഷ്ഠനായി ജീവിക്കാനുള്ള വ്യഗ്രതയൊന്നും വടക്കന്‍പാട്ടിലെ വീരന്‍ കാണിക്കുന്നില്ല. വികാരങ്ങള്‍ തോന്നുന്നവേളയില്‍ തന്നെ പ്രകടിപ്പിക്കുകയും ചെയ്യുന്നു വടക്കന്‍ ആണുങ്ങള്‍. അതുകൊണ്ടാകാം ചതിയും ഒറ്റുമൊക്കെ വടക്കന്‍ ആഖ്യാനങ്ങളില്‍ സ്വാഭാവികമായി തന്നെ വരുന്നത്. ഒറ്റിന്റെ കഥകള്‍ കടത്തനാടന്‍ ഭൂമികയില്‍ നിന്ന് പിന്നെയും പിന്നെയും വരുന്നുണ്ടല്ലോ?
മലയാള സിനിമയിലെ നായകരൂപങ്ങളില്‍ വടക്കേ മലബാറുകാരെയും ഉള്‍പ്പെടുത്താം എന്ന ആത്മവിശ്വാസം ഉണ്ടാക്കുന്നതില്‍ വടക്കന്‍ വീരഗാഥ എന്ന സിനിമ വഹിച്ച പങ്ക് ചെറുതല്ല. അതിനുമുമ്പു തന്നെ ഐ.വി.ശശിയുടെ സിനിമകള്‍ ഇത്തരമൊരു ശ്രമം തുടങ്ങിയിരുന്നുവെന്നതും മറക്കുന്നില്ല. 2014-ല്‍ ഇറങ്ങിയ രഞ്ജിത്തിന്റെ 'ഞാന്‍' എന്ന ചിത്രത്തിന് നല്‍കിയ സെല്‍ഫ് പോര്‍ട്രെയിറ്റ് എന്ന ഉപശീര്‍ഷകം ഈ മാറ്റം മുഖ്യധാരയിലെത്തി എന്നതിന്റെ സൂചനയാണ്. പിറ്റേ വര്‍ഷം വടക്കന്‍ സെല്‍ഫി എന്ന ചിത്രവും ഇറങ്ങി. അതും സെല്‍ഫ് എന്നതിനെ പേരില്‍ കൊണ്ടുവന്നല്ലോ? സെല്‍ഫി എന്ന ന്ൂജനറേഷന്‍ പേരിലൂടെ വടക്കന്‍മാരും മുഖ്യധാരയോടൊപ്പം ചേരുകയാണ്.
പുത്തൂരം പാട്ടിലെ ചന്തുവിന്റെ കഥ തന്നെയാണ് 'വീര'ത്തിലും പറയുന്നത്. പുരാവൃത്തമാണെങ്കിലും സമകാലികമായ രാഷ്ട്രീയം ഇതിലുണ്ട്. ഒറ്റപ്പെട്ടതാണ് ഇതിലെ നിലപാടുകള്‍ എന്നു പറയാനും വയ്യ. ജയരാജിന്റെ മറ്റുസിനിമകളിലുള്ള നിലപാടുകളുടെ തുടര്‍ച്ചയും ഇതില്‍ കണ്ടെത്താം. വടക്കന്‍ പശ്ചാത്തലത്തില്‍ ബോളിവുഡ് ശൈലിയില്‍ ഒരുക്കിയ സിനിമ എന്നാണ് വീരത്തെ വിശേഷിപ്പിക്കാനാകുക. ഡിജിറ്റല്‍ മിശ്രണത്തിന്റെ പിന്‍ബലത്തോടെയുള്ള വര്‍ണപ്പകിട്ടും പൊലിമയുമുള്ള ദൃശ്യങ്ങള്‍ പുതുതലമുറ ആസ്വാദകരെ ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്. മാക്്ബത്ത് കണ്ടിട്ടോ വായിച്ചിട്ടോ ഇല്ലാത്തതുകൊണ്ട് ആ കഥയാണോ ഇത് എന്നെനിക്കറിയില്ല. ഒരു പക്ഷേ കേരളത്തിന് പുറത്തുള്ള ആസ്വാദകര്‍ക്ക് പാഠാന്തര ബന്ധമോ സൂചനകളോ നല്‍കാന്‍ മാക്ബത്തിന്റെ പരാമര്‍ശം ഉതകുമാകിയിരിക്കും. അതിലപ്പുറം പ്രാധാന്യമൊന്നും ഉപശീര്‍ഷകത്തിനില്ല.
മലയാളത്തില്‍ ചന്തുവിനെ വീണ്ടും നായകനാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. മമ്മൂട്ടിയുടെയും എം.ടിയുടെയും ചന്തുവിനെ തോല്‍പ്പിക്കാനാവുമോ? മലയാളിയുടെ ബോധത്തില്‍ അത്രയേറെ ഉറച്ചുപോയൊരു ദൃശ്യബിംബമാണ് വീരഗാഥയിലെ ചന്തു. വീരം കാണുമ്പോള്‍ അത് ബോധ്യപ്പെടും. അതിനെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാകും കുനാല്‍ കപൂര്‍ എന്ന ബോളിവുഡ് നടനെ ജയരാജ് കൊണ്ടുവന്നിട്ടുണ്ടാകുക. അതിലദ്ദേഹം വിജയിച്ചിട്ടുമുണ്ട്. കടത്തനാടന്‍ സ്മൃതികളുള്ള വംശശരീരത്തെ ഉള്‍ക്കൊള്ളുന്ന വിധം കുനാല്‍ ചിത്രത്തില്‍ മാറിയിട്ടുണ്ട്. ചിലപ്പോള്‍ ഈ മനുഷ്യനെ കാണുക എന്നതുതന്നെയാകും ചിത്രം പകരുന്ന ദൃശ്യാനന്ദം. പക്ഷേ കളരിയില്‍ ചിട്ടപ്പെടുത്തിയെടുക്കുന്ന ശരീരത്തിന്റെ രൂപം ഇതാണോ എന്ന സംശയം ചിത്രം കണ്ടവരില്‍ ചിലര്‍ ഉന്നയിച്ചുകണ്ടു. ചരിത്രപരമായോ വസ്തുതാപരമായോ ഒത്തുപോയില്ലെങ്കിലും ഇത്തരം ഒരുക്കലുകളില്‍ പുലര്‍ത്തുന്ന സൂക്ഷ്മതകളില്‍ പിന്നണിയിലുള്ളവര്‍ വിജയിച്ചിട്ടുണ്ട്. ചിലപ്പോള്‍ മലയാളികള്‍ കൊണ്ടാടുന്ന നായകനായി മാറിയേക്കാം കുനാല്‍. നാടക രംഗത്തും സിനിമയുടെ പിന്നണിയിലും പ്രവര്‍ത്തിച്ചാണ് കുനാല്‍ വെള്ളിത്തിരയിലെത്തുന്നത്. 2006-ല്‍ എം.എഫ് ഹുസൈന്റെ സംവിധാനത്തില്‍ ഇറങ്ങിയ മീനാക്ഷി: എ ടെയില്‍ ഓഫ് ത്രീ സിറ്റീസ് എന്ന ചിത്രത്തിലൂടെയാണ് കുനാല്‍ അരങ്ങേറിയത്.
വീരഗാഥയിലെ സെറ്റിനെ കുറിച്ചുള്ള റഫറന്‍സും സിനിമ ആസ്വദിക്കുമ്പോള്‍ കടന്നുവന്നേക്കാം. ഡിജിറ്റല്‍ മിശ്രണത്തിലൂടെ പൂര്‍ണമായല്ലെങ്കിലും ഒരുപരിധി വരെ അതിന് കഴിഞ്ഞേക്കും. ഒരു കാര്യം തീര്‍ച്ചയാണ്. വടക്കേ മലബാറിലെ സാംസ്‌കാരിക ജീവിതത്തില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന ചില ദൃശ്യബിംബങ്ങളെ തീക്ഷ്ണ മിഴിവോടെ ചിത്രം പകര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങിയ ടീസറില്‍ അങ്കത്തട്ടിനു ചുറ്റും ഓലക്കുടകളുയര്‍ത്തി ആള്‍ക്കൂട്ടം ആര്‍പ്പുവിളിക്കുന്ന ദൃശ്യമുണ്ട്. മലബാറിലെ പല തെയ്യക്കാവുകളിലെയും എഴുന്നള്ളത്തുകള്‍ ഇപ്പോഴും ഇതുപോലെയാണ്. പ്രാദേശിക സംസ്‌കൃതിയുടെ രേഖപ്പെടുത്തല്‍ നിര്‍വഹിക്കുന്നു എന്നത് ഇതിന് ചരിത്രപ്രാധാന്യവും നല്‍കുന്നു.

ആദ്യമായാണ് ഒരു ചിത്രത്തില്‍ വടക്കേ മലബാറില്‍ ഉപയോഗിക്കുന്ന വാമൊഴിഭാഷ അതേപടി ഭംഗി ചോരാതെ വരുന്നത്. ഇത് വീരത്തിന് മാത്രം അവകാശപ്പെടാവുന്നതാണ്. ഡോ.വാര്യര്‍ എന്നാണ് സംഭാഷണത്തിന്റെ ടൈറ്റിലില്‍ കാണിച്ചതെന്നാണ് ഓര്‍മ. വിക്കിപ്പീഡിയയില്‍ ഡോ.ഗോകുല്‍നാഥ് എന്നാണ് കണ്ടത്. ഏതായാലും വാര്യര്‍ക്ക് നന്ദി. വീരത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടതെന്തെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുന്നത് സംഭാഷണം എന്നാണ്. (ഉത്തരമലബാറിലെ ഭാഷ മലയാളമല്ല എന്നും തങ്ങള്‍ക്ക് കേട്ടാല്‍ മനസിലാകില്ല എന്നും വാദിക്കുന്ന മലയാളികള്‍ ഇപ്പോഴും ഏറെയുണ്ട്). സന്തോഷ്് കീഴാറ്റൂരായിരിക്കാം കുനാലിന്റെ ചന്തുവിന് ശബ്ദം നല്‍കിയത്. കേട്ടപ്പോള്‍ അങ്ങനെ തോന്നി. നല്ല ഇമ്പമുണ്ട് ആ മലയാളം കേള്‍ക്കാന്‍.
വടക്കന്‍ വീരഗാഥയിലും സംഭാഷണം കാവ്യാത്മകമായിരുന്നുവെങ്കിലും പ്രാദേശികമായ ചേര്‍ച്ചക്കുറവുകള്‍ ഉണ്ടായിരുന്നു. ഇതിനുശേഷം നിരവധി പേര്‍ (സോപാനത്തിലും ബാവുട്ടിയുടെ നാമത്തിലും വിനീത്, സലിം അഹമ്മദിന്റെ ചിത്രങ്ങള്‍ എന്നിവയിലേത് ഉള്‍പ്പെടെ) വടക്കന്‍ ഭാഷ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഒരു കുറവും ചൂണ്ടിക്കാണിക്കാനില്ലാത്തവിധം ഇതാദ്യമായാകും. ആദ്യകാല വടക്കന്‍പാട്ടു സിനിമകളില്‍ തിരുവിതാംകൂര്‍ ശൈലിയിലാണ് ആരോമലും ഉണ്ണിയാര്‍ച്ചയും ഒക്കെ സംസാരിച്ചിരുന്നതെന്നും ഓര്‍ക്കണം; അത്തരം മൗലികതാ വാദങ്ങള്‍ക്ക് ആധുനികതയുടെ മാധ്യമമായ സിനിമയില്‍ അത്ര പ്രസക്തിയില്ലെങ്കില്‍ പോലും.
'കോഴികള്‍ കൊത്തിച്ചാകും, ചേകോന്മാര് വെട്ടിച്ചാകും' എന്നൊക്കെയുള്ള വാചകങ്ങള്‍ സമകാലിക കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ അര്‍ഥഗര്‍ഭമാണ്. കോഴിയങ്കം പോരെ എന്ന നാടുവാഴിയുടെ ചോദ്യത്തിന് ആളങ്കം തന്നെ വേണം എന്ന് വാശിപിടിക്കുന്ന ഉണിക്കോരനില്‍(അതോ ഉണിചന്ദ്രോരോ?) ഉത്തരമലബാറിലെ സമകാലിക കീഴാള-സവര്‍ണ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വായിച്ചെടുത്താലും തെറ്റുപറയാനാകില്ല. യഥാര്‍ഥത്തില്‍ എന്താണ് വീരം എന്ന രസം? ആരുടെയോ (രാജാവിന്റെയോ നാടുവാഴിയുടെയോ രാഷ്ട്ര നേതാവിന്റെയോ രാഷ്ട്രീയ നേതാവിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ ) അഭിമാന സംരക്ഷണത്തിന് വേണ്ടി പൊരുതിയും വെട്ടിയും ജീവന്‍ ഹോമിക്കുന്നവരല്ലേ വീരന്മാര്‍ അല്ലെങ്കില്‍ രക്തസാക്ഷികള്‍? ആ വീറാണോ വീരത്വം? അങ്ങനെയെങ്കില്‍ വീരം ഷേക്‌സ്പിയര്‍ കൃതിയുടെ ആവിഷ്‌കാരമോ വടക്കന്‍പാട്ടു സിനിമയോ അല്ല. അതൊരു സമകാലിക (അപര-കീഴാള) രാഷ്ട്രീയ സിനിമയാണ്.
വാല്‍ക്കഷണം: ബാഹുബലിയിലേതുപോലെ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആയ ഭീമന്‍ പശ്ചാത്തലങ്ങള്‍ കഥാപാത്രങ്ങളുടെ ഭാവപരവും വൈകാരികമായ ആഴത്തെ ഇല്ലാതാക്കുന്നു എന്നാണ് തോന്നിയത്. പശ്ചാത്തലം മനുഷ്യരേക്കാള്‍ വലുതാവേണ്ടതുണ്ടോ? കഥയുടെ സാമൂഹ്യപശ്ചാത്തലത്തെയും ഭാവഘടനയെയും പോഷിപ്പിക്കാനല്ലേ ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ടത്? പൊതുവെ മനുഷ്യജീവിത്തോടും സാമൂഹ്യയാഥാര്‍ഥ്യത്തോടുമുള്ള സത്യസന്ധതയാണ് മലയാള സിനിമയുടെ പ്രത്യേകതയായി പറയാറുള്ളത്. സാങ്കേതിക വിദ്യയുടെ കുറവ് നമ്മുടെ ചലച്ചിത്രാഖ്യാനങ്ങളെ ബാധിക്കാറുണ്ടോ? ഇഫക്ടുകള്‍ വകതിരിവോടെ ഉപയോഗിച്ചില്ലെങ്കില്‍ സിനിമ വെറും ആഴമില്ലാത്ത ചിത്രങ്ങള്‍ മാത്രമായി മാറിപ്പോകാം. അതുപോലെ തന്നെയാണ് പശ്ചാത്തല സംഗീതത്തിന്റെ കാര്യവും. പശ്ചാത്തലം വലുതാകുമ്പോള്‍ ഇരമ്പലുകളും ഏറെയാകും. ശബ്ദങ്ങളുടെ നിയന്ത്രിതവും ശ്രദ്ധാപൂര്‍വവുമായ ഉപയോഗമാണ് വേണ്ടത്. അല്ലെങ്കില്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം കാണുന്നതുപോലെയാകും സിനിമയും.

Comments
Post a Comment