Skip to main content

കുറോസവയും കണ്ണൂരും


(കടപ്പാട്: അകിര കുറോസവയുടെ 'ഡ്രീംസ്-(1990)' എന്ന സിനിമയിലെ  'ദി
 ടണല്‍' എന്ന ഭാഗം)

























നല്ല മഴയത്താണ് അവസാനത്തെ ബസില്‍ ബ്രാഞ്ച് സെക്രട്ടറി കരുണന്‍മാഷ് ചെങ്ങല്‍പ്പീടിക സ്റ്റോപ്പില്‍ ബസിറങ്ങിയത്. കടകളെല്ലാം അടച്ചു. വിജനമാണ് റോഡും പരിസരവും. ബസിറങ്ങുമ്പോള്‍ തന്നെ തുറന്നു പിടിച്ച കുട നേരെയാക്കി ചുറ്റുമൊന്ന് നോക്കി വീട്ടിലേക്കുള്ള കട്ട് റോഡിനു നേര്‍ക്ക് നടന്നു.


റോഡിന് മുന്നിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് കെട്ടിക്കിടന്ന ചെളിവെള്ളത്തില്‍ ചവിട്ടാതെ രക്ഷപ്പെട്ട് ഒരു മൂലയിലൂടെ കട്ട് റോഡിലേക്ക് കയറുമ്പോള്‍ ഇരുട്ടില്‍ ദൂരെ നിന്ന് പട്ടിയുടെ ദീര്‍ഘമായ മോങ്ങല്‍ കേട്ടു.  മുണ്ട് മടക്കിക്കുത്തി സ്ട്രീറ്റ് ലൈറ്റുകളൊന്നുമില്ലാത്ത റോഡിലൂടെ വേഗം നടക്കാനൊരുങ്ങുമ്പോള്‍ കാലില്‍ എന്തോ തടഞ്ഞതുപോലെ തോന്നി. ബാഗില്‍ നിന്ന് പെന്‍ ടോര്‍ച്ചെടുത്ത് തെളിച്ചുനോക്കി. വാഹനത്തിന്റെ ടയര്‍ കയറി ചതഞ്ഞ പാമ്പായിരുന്നു. കുടയുടെ അറ്റം കൊണ്ട് അതിനെ റോഡരികിലേക്ക് തള്ളി മാറ്റി മുന്നോട്ടു നടന്നു തുടങ്ങിയപ്പോള്‍ വീണ്ടും സംശയമായി. പാമ്പ് റോഡരികിലേക്ക് തന്നെ പോയില്ലേ? കുടയുടെ അറ്റത്ത് പറ്റിപ്പിടിച്ചു നില്‍ക്കുന്നുണ്ടാകുമോ?


ഒന്നു നിന്ന് കരുണന്‍ മാഷ് ടോര്‍ച്ചെടുത്ത് കുടതാഴ്ത്തി അതിന്റെ കൂര്‍ത്ത അറ്റത്തേക്ക് നോക്കി പാമ്പില്ലെന്ന് വീണ്ടും ഉറപ്പുവരുത്തി. അപ്പോള്‍ ദൂരെ നിന്ന് വീണ്ടും നായയുടെ ഓരിയിടല്‍. മുമ്പെങ്ങുമില്ലാത്ത ഒരു ഭയം മാഷുടെ മനസിലേക്ക് പൊന്തിവന്നു. റോഡിന്റെ ഇരുവശത്തുമുള്ള കുറ്റിക്കാട്ടില്‍ ആരെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാകുമോ? ടോര്‍ച്ച് കത്തിക്കുന്നത് നിര്‍ത്തി ചെരുപ്പ് ഊരി കയ്യില്‍പിടിച്ച് വേഗം നടന്നു. മഴയുടെ ശബ്ദത്തില്‍ ചെരുപ്പിന്റെ ഒച്ച കേള്‍ക്കാന്‍ സാധ്യതയില്ലെങ്കിലും ഇട്ടു നടക്കുന്നത് പന്തിയല്ലെന്ന് തോന്നി. പകുതി കഴിഞ്ഞ് യുവധാര വായനശാലയുടെ അടുത്തെത്തിയപ്പോഴേക്കും റോഡിന്റെ അറ്റത്തെ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ അരികിലെ സ്ട്രീറ്റ് ലൈറ്റ് കാണാന്‍ തുടങ്ങി. അപ്പോഴേക്കും അല്‍പം ആശ്വാസമായി. ഗ്രൗണ്ടിലെത്തിയാല്‍ പിന്നെ പേടിക്കാനില്ല. ആരെങ്കിലും വരുന്നുണ്ടെങ്കില്‍ ദൂരെ നിന്ന് കാണും. മഴ കുറച്ച് കുറഞ്ഞിട്ടുമുണ്ട്.


ലൈറ്റ് കണ്ടതോടെ മാഷ് നടത്തം വേഗത്തിലാക്കി. കട്ട് റോഡ് പിന്നിട്ടതോടെ ഒരു നിശ്വാസമുതിര്‍ത്തു. പിറകില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്താന്‍ ഒന്നു തിരിഞ്ഞുനോക്കി വീണ്ടും നടക്കാന്‍ തുടങ്ങുമ്പോഴതാ പിറകില്‍ നിന്ന് മുദ്രാവാക്യം വിളി.

'ഇന്‍ക്വിലാബ് സിന്ദാബാദ്.....
രക്തസാക്ഷികള്‍ സിന്ദാബാദ്......'



























തങ്ങളുടെ പാര്‍ട്ടിയുടെ തന്നെ മുദ്രാവാക്യമാണല്ലോ? എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ? വൈകിട്ട് ടൗണില്‍ മീറ്റിങ് കഴിയുന്നതുവരെ ആരും ഒന്നും പറഞ്ഞിരുന്നില്ലല്ലോ? സംശയത്തോടെ അദ്ദേഹം റോഡിലെ ഇരുട്ടിലേക്ക് നോക്കി വന്നു. മുദ്രാവാക്യം വിളി അടുത്തടുത്ത് വരുന്നുണ്ട്. പക്ഷേ ഏറ്റുവിളിക്കുന്നതൊന്നും കേള്‍ക്കുന്നില്ല. പക്ഷേ ശബ്ദം നല്ല പരിചയമുള്ളതുപോലെ തോന്നുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഇരുട്ടിലെ രൂപം തെളിഞ്ഞുവന്നു. മഴയില്‍ മുണ്ടും ഷര്‍ട്ടും നനഞ്ഞൊലിച്ച ഒരു രൂപം..


'മീത്തലെ പറമ്പില്‍ ഹരിദാസന്‍'...ഞെട്ടലോടെ കരുണന്‍ മാഷ് തിരിച്ചറിഞ്ഞു.

'ഹരിദാസാ നീ'....മാഷ് അമ്പരന്നു.

'ഞാന്‍ തന്നെയാന്ന് മാഷെ...'

'പക്ഷേ നീ മരിച്ചതല്ലെ? നിന്നെ അവര് കൊന്നതല്ലേ?'

'എല്ലാരും അങ്ങനെ പറയുന്ന്ണ്ട്. പക്ഷേ എനക്ക് വിശ്വാസമാവുന്നില്ല മാഷേ. ഞാന്‍ രക്തസാക്ഷിയല്ലേ? രക്തസാക്ഷി മരിക്കുന്നില്ല എന്ന് നിങ്ങയന്നെ എത്രവട്ടം മുദ്രാവാക്യം വിളിച്ച് തന്നിറ്റ്ണ്ട്.'


'ശരിതന്നെ ഹരി. പക്ഷേ എന്റെ മടിയില്‍ കിടന്നല്ലേ നീ മരിച്ചത്. വായനശാലയ്ക്ക് അടുത്ത് നീ വെട്ടേറ്റ് കിടക്കുന്നത്് ഞാനാണ് ആദ്യം കണ്ടത്. അപ്പോഴേക്കും വെട്ടിയവര്‍ രക്ഷപ്പെട്ടിരുന്നു. നമ്മളെ രമേശന്റെ വണ്ടിയില്‍ സഹകരണ ആസ്പത്രിയിലെത്തുമ്പോഴേക്കും നീ മരിച്ചിന്'...മാഷ് പറഞ്ഞു.

'അതൊന്നും എനക്ക് ഓര്‍മയില്ല. മനയൂര്‍ ബാലിക്കാവിലെ ഉത്സവത്തിന് പോയതാണ് ഞാന്‍. ഏട്യേം പോണ്ടാന്ന് വിചാരിച്ച് നിന്നതേനും അന്ന്. അന്നേരാന്ന് വീട്ടിലെ കറന്റ് കണക്ഷന്റെ കണ്‍സെന്റിന് വേണ്ടി കലക്ടറെ കാണാന്‍ പോയാലോന്ന് വിചാരിച്ചത്. സുമിത്രനെ വിളിച്ച് പോകാന്ന് വെച്ച് എറങ്ങുമ്പോ അമ്മ പിറകിന്ന് പറഞ്ഞിന്. ഇന്നും രാത്രി മത്തായിറ്റ് വെരണംന്ന്. ശപിക്കുന്ന പോലേനും പറച്ചി്ല്‍. വെളമ്പിവെച്ച കുളുത്തും തലേത്തെ മീന്‍കറിയും പോലും കുടിക്കാണ്ടാന്ന് ഞാന്‍ എറങ്ങീന്. അതെല്ലം എനക്ക് ഓര്‍മയുണ്ട്.'



















'അതെല്ലം നീ എന്നോടും പറഞ്ഞിന് ഹരിദാസാ..ആസ്പത്രിയിലേക്ക് കൊണ്ടുപോന്നേയ്‌ന് മുമ്പ് രമേശന്‍ കൊണ്ടന്ന വെള്ളം വായിലുറ്റിച്ചപ്പോ നിനക്ക് ബോധം വന്നു. അന്നേരം നീയിത് പറഞ്ഞിന്. അയ്‌ന് ശേഷം നീ മരിച്ചു.'


'എനക്ക് അങ്ങനെ മരിച്ചതായ്റ്റ് തോന്നുന്നില്ല മാഷേ. ആ വിളക്ക് കത്തുന്ന വീട് കണ്ടാ? രമയും എന്റ മോള് ഹരിതയും ആട ഇണ്ടാവൂലേ ഇപ്പോ? എനക്ക് ഒന്ന് പോയി നോക്കണംന്ന് ഇണ്ടായ്‌ന്. പക്ഷേ അവരും ഞാന്‍ മരിച്ചൂന്ന് പറഞ്ഞാലോ? അമ്മ മരിക്കുന്നേയ്‌ന് മുമ്പ് വീട്ടില് കരണ്ടാക്കാണംന്ന് വിചാരിച്ചിന്. പക്ഷേ കോണ്‍ഗ്രസുകാരനായ ദാമോദരന്‍ നമ്പ്യാറ് വയറ് വെലിക്കാന്‍ കണ്‍സെന്റ് തന്നില്ല. അയാളുടെ ആ പുതിയ വീട്ടിന്റെ പണി മുഴുവന്‍ എടുത്തത് ഞാനാന്ന്. അന്നേരം വെല്യ കാര്യാന്ന്. പക്ഷേ ഈ കാര്യം വന്നപ്പോ ഒഴിഞ്ഞ് മാറി. മാഷോടും പറഞ്ഞിറ്റ്ണ്ട് ഞാനിത്.'

'ശരിയന്നെ മോനെ. പക്ഷേ കോണ്‍ഗ്രസാന്നെങ്കിലും ദാമോദരന്‍ നമ്പ്യാരെ നമ്മക്കങ്ങനെ വെറ്പ്പിക്കാന്‍ പറ്റൂല. നാട്ട്കാരനല്ലേ? പക്ഷേ നീ പോയേന് ശേഷം പാര്‍ട്ടി മുന്‍കൈയെടുത്ത് കറന്റ് വെലിച്ചിറ്റ്ണ്ട്. നിന്ന കാണുമ്പോ എനക്ക് സങ്കടം വെര്ന്ന്ണ്ട്. വെട്ടും കുത്തുമൊന്നും കണ്ട് നിക്കാന്ള്ള ശേഷി എനക്കില്ല. നീയുള്‍പ്പെടെ എത്രയോ കുട്ടികളെ പഠിപ്പിച്ചിട്ട് റിട്ടയര്‍ ചെയ്തയിന് ശേഷാന്ന് ബ്രാഞ്ച് സെക്രട്ടറിയായിന്. നിന്റെ വിഷമം എനക്കറിയാം. സങ്കടൂണ്ടാക്കാണ്ട് നീ തിരിച്ചുപോ. രക്തസാക്ഷികള്‍ ഇങ്ങനെ ഇറങ്ങി നടക്കുന്നത് പ്രവര്‍ത്തകരാരെങ്കിലും കണ്ടാല്‍ എന്താകും അവസ്ഥ?'


'നിങ്ങളെ വെഷമിപ്പിക്കാനൊന്നുഅല്ല മാഷേ ഞാന്‍ വന്നിന്. അമ്മേനേം രമേനീം മോളെയെല്ലം വിചാരിക്കുമ്പോ ഒരു വെഷമം. അവര്‍ക്ക് പാര്‍ട്ടിയുണ്ടല്ലോ അല്ലേ മാഷേ?'

പെട്ടെന്ന് ഹരിദാസന്‍ മുണ്ടഴിച്ചിട്ട് സ്റ്റെഡിയായി. മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞ് ഇന്‍കുലാബ് സിന്ദാബാദ് വിളിച്ചു. എന്നിട്ട് തിരിഞ്ഞ് നിന്ന് മുണ്ട് മടക്കിക്കുത്തി നടന്നു.


അയാള്‍ നടന്നുപോകുന്നത് കരുണന്‍ മാഷ് അനുതാപത്തോടെ നോക്കി നിന്നു. മഴകൊണ്ടല്ല, സങ്കടവും മുറിവുകളും കൊണ്ടാണ് അയാള്‍ നനഞ്ഞതെന്ന് തോന്നി.

കാഴ്ചയില്‍ നിന്ന് അയാള്‍ മറഞ്ഞതും മാഷ് നടക്കാനൊരുങ്ങി. അപ്പോഴതാ ഒരു പ്രകടനം പോലെ വീണ്ടും മുദ്രാവാക്യം വിളി. 'രക്തസാക്ഷികള്‍ സിന്ദാബാദ്...രക്തസാക്ഷികള്‍ സിന്ദാബാദ്...'ഇത്തവണ കുറച്ചുപേര്‍ ഏറ്റുവിളിക്കുന്നുമുണ്ട്...മാഷ് വീണ്ടും റോഡിന്റെ ഭാഗത്തേക്ക് തതിരിഞ്ഞു നിന്നു. മുദ്രാവാക്യം വീണ്ടും അടുത്തുവരുന്നുവെന്ന് തോന്നിയതോടെ ജിജ്ഞാസ വര്‍ധിച്ചു.


കാഴ്ച തെളിഞ്ഞു. നനഞ്ഞൊലിച്ച് പ്രകടനം വിളിച്ച് ഒരുകൂട്ടം ചെറുപ്പക്കാര്‍. മുന്‍നിരയില്‍ ഹരിദാസന്‍, സുമോദ്, അനീഷ്, മുരളി..അങ്ങനെ ഓരോരുത്തരെയും തിരിച്ചറിഞ്ഞു തുടങ്ങവെ പെട്ടെന്ന് മറ്റൊരു മുഖം കണ്ട് ഞെട്ടി. തട്ടാറമ്പത്ത് രഞ്ജിത്ത്. എതിര്‍പാര്‍ട്ടിയുടെ രക്തസാക്ഷിയാണ്. സൂക്ഷിച്ചുനോക്കിയപ്പോള്‍ അവര്‍ പിടിച്ചിരിക്കുന്ന കൊടികളില്‍ ചുവപ്പും കാവിയുമുണ്ട്.

കരുണന്‍ മാഷ് അമ്പരന്ന് നില്‍ക്കെ രഞ്ജിത്ത് നനഞ്ഞുവിറക്കുന്നതുപോലെ സംസാരിക്കാന്‍ തുടങ്ങി. 'പേടിക്കണ്ട മാഷേ. 'രക്തസാക്ഷികള്‍ക്ക് മരണമില്ലാന്ന് ഇടയ്ക്കിടെ വിളിക്കാറില്ലേ അത് ശരിയാന്ന് വിചാരിച്ചാ മതി. രക്തസാക്ഷിയായി കഴിഞ്ഞാ പിന്നെ എന്ത് പാര്‍ട്ടി, എന്ത് ജാതിയും മതവും.?ആഒരേ പോലെ ചോര വാര്‍ന്നിറ്റല്ലേ എല്ലാരും മരിച്ചിന്? ആട എന്ത് പാര്‍ട്ടി? ആടയാന്ന് ജീവിതം തൊടങ്ങുന്നത്. നാരായണ ഗുരു പറഞ്ഞത് ശരിയാണെന്ന് ഇപ്പോഴാന്ന് എനക്ക് മനസിലാക്ന്ന്. ഒരുജാതി, ഒരു മതം, ഒരു ദൈവം..അയ്‌ന്റെ കൂടെ 'ഒരു പാര്‍ട്ടീ'ന്നും കൂടി പുള്ളിക്കാരന്‍ പറയണായിരുന്നു.


മനോബലം വീണ്ടെടുത്ത് മാഷ് പറഞ്ഞു. 'നിങ്ങള് പറയുന്നതെല്ലം ശരിയന്നെ. പക്ഷേ ഭൗതികവാദത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്. മരണം ജീവിതത്തിലെ ഭൗതികമായ കാര്യമാണ്. അത് ജീവശാസ്ത്രപരമായി സ്ഥിരീകരിക്കപ്പെടുന്നതുമാണ്. രക്തസാക്ഷിയായവര്‍ മരിക്കുന്നില്ല എന്നൊക്കെ വന്നാല്‍ വെല്ലാത്ത എടങ്ങേറാണ് പാര്‍ട്ടിക്കുണ്ടാക്കുക. മാത്രവുമല്ല, ജീവിച്ചിരിക്കുന്ന കാലം വിരുദ്ധചേരികളില്‍ പ്രവര്‍ത്തിച്ച നിങ്ങള്‍ ഒരു മുന്നണിയില്‍ ഇങ്ങനെ ഒരുമിച്ച് അതിലേറെ ആശയക്കുഴപ്പല്ലേ ഇണ്ടാക്ക്വടോ?'

'നിങ്ങക്കറിയ്വോ മാഷെ. ഞാനും ഹരിദാസനും പത്താംക്ലാസുവരെ ഒന്നിച്ചിരുന്നാണ് പഠിച്ചത്. പത്തുകഴിഞ്ഞപ്പോ ഒരേ മേസ്തിരിയുടെ കൂടെ തന്നെയാണ് കല്‍പണി തുടങ്ങിയത്. ഈ ഭാഗത്തെയല്ലം എത്രയോ പുതിയ വീടുകള്‍ കെട്ടിയത് ഞങ്ങ രണ്ടാളും കൂടിയല്ലേ? അയിനെടക്ക് ഇണ്ടായ പുതിയപുരക്കെ റഷീദിന്റെ മരണത്തോടെയാണ് രണ്ടാളും രണ്ടു സ്ഥലത്തായത്. എന്റ പണി വയലിന്റെ അപ്പറത്തെ കരയില്‍ മാത്രായി. കണ്ടാല്‍ മിണ്ടാണ്ടായി. എന്നിറ്റിപ്പോഴോ ഓളും പിള്ളേരും അനാഥായി. അവരിക്കെല്ലം എപ്പാ ഇനി ഒരു സന്തോഷമുണ്ടാകുക. ജീവിച്ച് കൊതി തീര്‍ന്നിറ്റൊന്ന്വല്ല. പാര്‍ട്ടിക്ക് വേണ്ടി ബലിദാനിയാകുക തന്നെ ഒരു ബഹുമാനല്ലെ. നമ്മളപ്പോലത്തെ ആള്‍ക്കാര്‍ക്കെല്ലം പിന്നെന്താണ് ആകാന്‍ പറ്റ്വ.? അത് മാഷ്‌ക്കും അറിയാല്ലോ? എന്നിട്ടിപ്പം ഒന്ന് വീടുവരെ പോകാനോ ചങ്ങായ്മാരെ കണ്ട് സംസാരിക്കാനോ പറ്റില്ല. ഞങ്ങളെല്ലം മരിച്ചൂന്നാന്ന് എല്ലാരേം വിശ്വാസം. അവര്‍ക്കെല്ലം വേണ്ടി എനിയും എന്തല്ലോ ചെയ്യാന്‍ ബാക്കിയിണ്ടായ്‌ന്' -രഞ്ജിത്ത് ആവേശത്തോടെ മാഷോട്് പറഞ്ഞു.


മാഷ് എല്ലാവരെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചു. 'നിങ്ങളെയെല്ലം മുഖം കാണുമ്പോ എനക്കാന്ന് സങ്കടം വെര്ന്ന്. എത്ര ചെറുപ്പക്കാര് മരിച്ച്. ഓരോ സ്ഥലത്തും പോകുമ്പോ കാണ്ന്ന്ത് നാഥനില്ലാതായിപ്പോയ കുടുംബത്തെയല്ലേ. പ്രായായ എന്നെപ്പോലെയുള്ള ആളാണ് മരിക്കണ്ടേന്ന് വരെ തോന്നിപ്പോക്ക്ണ്ട്. ഹരിദാസന്റെയല്ലം അമ്മേരെ മുഖത്ത് നോക്കാന്‍ വരെ പേടിയാന്ന് എനക്ക്. അങ്ങനെ എത്ര ആളുകള്‍. നിങ്ങ എന്നോട് ക്ഷമിക്കണം. അവനോന് വേണ്ടി ഒരാളെപ്പോലും നോവിക്കാന്‍ എനക്ക് കയ്യൂല്ല. ചെയ്തതെല്ലം പാര്‍ട്ടിക്ക് വേണ്ടിയാന്ന്. അതന്നെയല്ലെ നിങ്ങളും ചെയ്തത്? അതൊന്നും ആരും മറക്കൂല്ല. തല്‍ക്കാലം നിങ്ങളെല്ലം മടങ്ങിപ്പോ. മരിച്ചവരെങ്കിലും ്സ്വസ്ഥതയോടെ ജീവിക്ക്ന്ന്‌ന് ആളുകള് വിചാരിച്ചോട്ട്'

ദൈന്യതയോടെ അനുനയശ്രമം തുടരുന്നതിനിടെ ഇരുട്ടില്‍ നിന്ന് ഒരു പട്ടി മാഷുടെ നേരെ വന്നു. വല്ലാത്തൊരു ഭീതിയോ മാഷുടെ നേര്‍ക്ക് കുരച്ചുകൊണ്ടിരുന്നു.

Comments

Popular posts from this blog

രാത്രിരാഗങ്ങളുടെ അലിഗഢ്

ഹന്‍സല്‍ മേത്തയുടെ 'അലിഗഢ്' ഫിബ്രവരിയിലാണ് തിയറ്ററുകളിലെത്തിയത്. റിലീസ് കാലത്തേക്ക് ഒതുങ്ങേണ്ട ചിത്രമല്ല ഇത്. ബോളിവുഡില്‍ ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. ഹൃദ്യമായൊരു സൗഹൃദത്തിന്റെ ഓര്‍മ; ഒരു രാത്രിരാഗത്തിന്റെ വശ്യതയോടെ നേര്‍ത്തും കനത്തും ഇഴഞ്ഞും ഇഴുകിയും പാടിത്തീരുന്ന ഗാനം- അങ്ങനെയാണ് അലിഗഢ്. പെട്ടെന്നൊന്നും മായാത്ത, വിഷാദം നിഴല്‍ പടര്‍ത്തി നില്‍ക്കുന്ന ദൃശ്യാനുഭവം.  അലിഗഢ് സര്‍വകലാശാലയിലെ മറാത്തി പ്രൊഫസര്‍ ശ്രീനിവാസ രാമചന്ദ്ര സിറസിനെ അവിസ്മരണീയനാക്കിയ മനോജ് ബാജ്‌പേയിയുടെ അഭിനയ ചാരുത അതിലേറെ ഹൃദ്യം. ഉടല്‍കൊണ്ട് നടന്‍ തീര്‍ക്കുന്ന കവിതയാണ് മികച്ച കഥാപാത്രമെങ്കില്‍, തിരശ്ശീലയില്‍ മനോജ് തീര്‍ക്കുന്ന മനോഹര കാവ്യമാണ് സിറസ്. 2014-ല്‍ 'ഷാഹിദ്' എന്ന ചിത്രത്തിലൂടെ രാജ്കുമാര്‍ റാവുവിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മേത്ത മനോജിനെയും ആ സാധ്യതയിലേക്ക് ഉയര്‍ത്തിയേക്കും. റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ ബുസാന്‍, ലണ്ടന്‍ മേളകളില്‍ ഏറെ പ്രശംസ നേടിയിരുന്നു ചിത്രം. 'ഇന്ത്യന്‍ സിനിമയില്‍ പുരുഷ സ്വവര്‍ഗാനുരാഗം പ്രമേയമായി ഇന്നേവരെ ഇറങ്ങിയതി...

സംവരണം വന്ന വഴികള്‍

വി.വി.വിജു ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ പലഘട്ടങ്ങളിലും സംവരണ ചര്‍ച്ചകള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന വിഷയമാണ് ഇതെന്നതാണ് കാരണം. അടുത്തിടെ ഗുജറാത്തില്‍ പത്തിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഈ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. പട്ടേല്‍ സമുദായത്തെ ഒ.ബി.സി(മറ്റു പിന്നാക്ക വിഭാഗം) പട്ടികയില്‍ ഉള്‍പ്പെടുത്തി തൊഴില്‍ സംവരണം നല്‍കണമെന്നാണ് ആവശ്യം. ഹാര്‍ദിക്ക് പട്ടേല്‍ എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ കൊളുത്തിവിട്ട ഈ സമരത്തിന് മറ്റിടങ്ങളിലും അലയൊലികളുണ്ടായി. വടക്കേ ഇന്ത്യയിലെ ജാട്ട് സമുദായക്കാരും ഗുജ്ജറുകളും ഇതിന്റെ ചുവടുപിടിച്ച് സമരത്തിന് തയാറെടുക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തിന്റെ സമരവും ബി.ജെ.പി സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ആളികത്താനാണ് സാധ്യത. ഇതുമാത്രമല്ല, സംവരണത്തെ സംവാദങ്ങളിലേക്ക് കൊണ്ടുവരാന്‍ കാരണമായത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ഐ.ഐ.ടിയില്‍ 73 വിദ്യാര്‍ഥികളെ പുറത്താക്കി. പരീക്ഷയില്‍ മോശം പ്രകടനം നടത്തിയതായിരുന്നു കാരണം. ഇതില്‍ 90 ശതമാനം പേരും സംവരണ വിഭാഗത്തില്‍ പ്രവേശനം നേടി...

'ഈട'യെന്തെല്ലാ നടക്ക്‌ന്നേന്ന് ആരാപ്പാ നോക്ക്ന്ന്

കക്ഷിരാഷ്ട്രീയത്തില്‍ ചിന്താശേഷി പണയം വെച്ചിട്ടില്ലാത്തവര്‍ 'ഈട' എന്ന സിനിമ കാണണം. ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കുക എന്നത് ഒരു രാഷ്ട്രീയ ഇടപെടല്‍ കൂടിയാണ്. മലയാളസിനിമയില്‍ കണ്ണൂര്‍ രാഷ്ട്രീയം പ്രമേയമായി ഇന്നേവരെ ഇറങ്ങിയതില്‍ ഏറ്റവും ആത്മാര്‍ഥവും സത്യസന്ധവുമായ ചിത്രമാണ് ബി. അജിത് കുമാറിന്റെ 'ഈട'. വാണിജ്യ വിജയമോ വ്യക്തിഗതമായി ലഭിച്ചേക്കാവുന്ന പ്രശസ്തിയോ പരിഗണിക്കാതെ, തനിക്ക് പറയാനുള്ള കാര്യം സിനിമയിലൂടെ പറയുന്ന ധീരതയ്ക്ക് പിന്തുണയാകും നിങ്ങളുടെ ടിക്കറ്റ്. കണ്ണൂരിലെ കൊലപാതക-ചോര രാഷ്ട്രീയത്തിന്റെ ഇരുപക്ഷത്തും നില്‍ക്കുന്നവര്‍ ഈ സിനിമയെ കൊണ്ടാടാനിടയില്ല. കാരണം രണ്ടുപക്ഷത്തെയും ഇത് വിചാരണയ്ക്ക് വിധേയമാക്കുന്നുണ്ട്. ഒരല്‍പം ഒത്തുതീര്‍പ്പ് നടത്തിയിരുന്നെങ്കില്‍, 'മെക്‌സിക്കന്‍ അപാരത'യില്‍ തുടങ്ങി രാമലീല വരെ ഉള്ള 'മല്ലു കമ്യൂണിസ്റ്റ്' സിനിമകള്‍ നേടിയെടുത്ത ഇടം 'ഈട'യ്ക്കും ലഭിക്കുമായിരുന്നു. ഒപ്പം തരക്കേടില്ലാത്ത കളക്ഷനും. അത്തരം ഒത്തുതീര്‍പ്പുകള്‍ വേണ്ടെന്ന് വെക്കുന്ന ആര്‍ജവമാണ് ഈ സിനിമയുടെ നട്ടെല്ല്. സി.പി.എമ്മിന്റെയോ ബി.ജെ.പിയുടെയോ ആരാധക സംഘം ഇത് ആഘ...