Skip to main content

സംവരണം വന്ന വഴികള്‍


വി.വി.വിജു

ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ പലഘട്ടങ്ങളിലും സംവരണ ചര്‍ച്ചകള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന വിഷയമാണ് ഇതെന്നതാണ് കാരണം. അടുത്തിടെ ഗുജറാത്തില്‍ പത്തിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഈ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. പട്ടേല്‍ സമുദായത്തെ ഒ.ബി.സി(മറ്റു പിന്നാക്ക വിഭാഗം) പട്ടികയില്‍ ഉള്‍പ്പെടുത്തി തൊഴില്‍ സംവരണം നല്‍കണമെന്നാണ് ആവശ്യം. ഹാര്‍ദിക്ക് പട്ടേല്‍ എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ കൊളുത്തിവിട്ട ഈ സമരത്തിന് മറ്റിടങ്ങളിലും അലയൊലികളുണ്ടായി. വടക്കേ ഇന്ത്യയിലെ ജാട്ട് സമുദായക്കാരും ഗുജ്ജറുകളും ഇതിന്റെ ചുവടുപിടിച്ച് സമരത്തിന് തയാറെടുക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തിന്റെ സമരവും ബി.ജെ.പി സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ആളികത്താനാണ് സാധ്യത.


ഇതുമാത്രമല്ല, സംവരണത്തെ സംവാദങ്ങളിലേക്ക് കൊണ്ടുവരാന്‍ കാരണമായത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ഐ.ഐ.ടിയില്‍ 73 വിദ്യാര്‍ഥികളെ പുറത്താക്കി. പരീക്ഷയില്‍ മോശം പ്രകടനം നടത്തിയതായിരുന്നു കാരണം. ഇതില്‍ 90 ശതമാനം പേരും സംവരണ വിഭാഗത്തില്‍ പ്രവേശനം നേടിയവരാണ്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ അനുവാദം ലഭിച്ചു. എന്നാല്‍ ഇതേസമയംതന്നെ സംവരണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന നിലവാരം താഴാന്‍ കാരണമാകുന്നു എന്ന വാദവും ഉയര്‍ന്നു. ഐ.ഐ.ടി പോലുള്ള വിദ്യാലയങ്ങള്‍ക്ക് സംവരണത്തിലുടെ വരുന്ന വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാനാകുന്നുണ്ടോ എന്ന മറ്റൊരു ചര്‍ച്ചയും ഇതോടൊപ്പമുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ നടത്തിയ ജാതി സെന്‍സസിന്റെ ഫലം പുറത്തുവിടാന്‍ പോകുന്നു എന്നതാണ് മറ്റൊരു കാര്യം. ഇതിലെ ചില ഫലങ്ങള്‍ പ്രകാശനം ചെയ്തിട്ടുണ്ടെങ്കിലും ജാതി അടിസ്ഥാനത്തിലുള്ള സാമൂഹ്യ-സാമ്പത്തികാവസ്ഥ വെളിവാക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.


2015 ആഗസ്ത് 25ന് ഈ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ കണക്ക് പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യ 96.63 കോടി(79.8 ശതമാനം) ആണ്. മുസ്ലിങ്ങള്‍ 17.22കോടി(14.2 ശതമാനം)യും ക്രിസ്തുമതക്കാര്‍ 2.78 കോടി(2.3 ശതമാനം)യും സിക്കുകാര്‍ 2.08 കോടി(1.7 ശതമാനം)യും ആണ്. 84 ലക്ഷം ബുദ്ധമതക്കാരും 45 ലക്ഷം ജൈനമതക്കാരും ഉണ്ട്. മതരഹിതര്‍ 29 ലക്ഷമാണ്.(0.2 ശതമാനം). ജാതി അടിസ്ഥാനത്തിലുള്ള കണക്കുകളും ഉടന്‍ പുറത്തുവിടുമെന്നാണ് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ നേരിടാനാകുമോ എന്ന കാര്യം അവരെ അലട്ടുന്നുണ്ട്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പുകളില്‍ ഇതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്നതിനാല്‍.

സംവരണത്തിന്റെ ചരിത്രം
............................................

അധസ്ഥിതരും ദുര്‍ബലരുമായ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി ഭരണകൂടങ്ങള്‍ മുന്‍കൈയെടുത്ത് നല്‍കുന്ന പ്രത്യേക പരിഗണനയാണ് സംവരണം എന്നുപറയാം. ഇത് സാമ്പത്തികമോ സാമൂഹ്യമോ ലിംഗപരമോ ആയ പിന്നാക്കാവസ്ഥയെ അടിസ്ഥാനമാക്കിയാകാം.
ഇന്ന് നാം കാണുന്ന രീതിയിലുള്ള ജാതി-മത-വര്‍ഗ രഹിതമായ തൊഴിലിടങ്ങളും പൊതു ഇടങ്ങളും രൂപപ്പെടുത്തുന്നതില്‍ സംവരണം വഹിച്ച പങ്ക് ചെറുതല്ല. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച ഡോ.ബാബാസാഹിബ് അംബേദ്കര്‍ എന്ന സിനിമിയില്‍ ഇതുമായി ബന്ധപ്പെട്ട രംഗങ്ങള്‍ കാണാം. സര്‍ക്കാര്‍ ഉദ്യോഗത്തിലും കോളേജ് അധ്യാപക ജോലിയിലും എത്തിയിട്ടും ഒരേ പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കാന്‍ പോലും അംബേദ്കറിന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. താമസിക്കാന്‍ സ്ഥലത്തിനായി പേര് മാറ്റിപ്പറയേണ്ടിവന്നു.


ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാനഘട്ടങ്ങളില്‍ സംവരണം വിഷയമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് ഗാന്ധിജിയും അംബേദ്കറും തമ്മില്‍ നിലനിന്നിരുന്ന ഭിന്നിപ്പുകള്‍ തന്നെ ഉദാഹരണം. ദേശീയതാ ബോധത്തോടു കിടപിടിക്കുന്ന രീതിയില്‍ സാമുദായിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഇക്കാലത്ത് ശക്തിപ്രാപിച്ചിരുന്നു. കുമാരനാശാനെപ്പോലുള്ള കവികള്‍ 'എന്തിന്നു ഭാരതധരേ!......
ചിന്തിക്ക ജാതിമദിരാന്ധ,രടിച്ചു തമ്മിലെന്തപ്പെടും തനയ, രെന്തിനയേ! സ്വരാജ്യം?' എന്നുപാടിയതും അക്കാലത്ത് ഏറെ ചര്‍ച്ചയുണ്ടാക്കി. ബ്രിട്ടീഷുകാരെക്കുറിച്ച് ശ്രീനാരായണ ഗുരുവിന്റെ ഒരു അഭിപ്രായ പ്രകടനം ഇവിടെ ഓര്‍ക്കാവുന്നതാണ്. ഒന്നാം ലോക മഹായുദ്ധകാലത്ത് ഗുരു ശിഷ്യനോട് പറഞ്ഞു-'ഇംഗ്ലീഷുകാര്‍ ജയിക്കാന്‍ നാമെല്ലാം പ്രാര്‍ഥിക്കണം. നമുക്കൊക്കെ സന്യാസം നല്‍കിയ ഗുരുക്കന്മാരാണവര്‍'. ശിഷ്യന് ഇതിന്റെ പൊരുള്‍ പൂര്‍ണമായി മനസിലായില്ല. ഗുരു വിശദീകരിച്ചു-'ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികള്‍ക്ക് സന്യസിക്കാന്‍ പാടില്ലെന്നല്ലേ പറഞ്ഞത്?' ബ്രിട്ടീഷുകാരുടെ വരവാണ് കീഴാള വിഭാഗങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ ഇടം നേടിക്കൊടുക്കാന്‍ കാരണമായതെന്നായിരുന്നു വിവക്ഷ.


ജാതി വ്യവസ്ഥ തന്നെയാണ് ഇന്ത്യയിലെ സംവരണത്തിന്റെ പ്രധാന അടിസ്ഥാനം. വര്‍ണാശ്രമങ്ങളുടെ ഭാഗമാണ് എന്നു പറയാറുണ്ടെങ്കിലും തൊഴില്‍ വിഭജനത്തിന്റെ അടിസ്ഥാനത്തിലാണ് ജാതി എന്ന സങ്കല്‍പം സമൂഹത്തില്‍ മൂര്‍ത്തമായത്. യൂറോപ്യന്‍മാരുടെ, പ്രത്യേകിച്ച് ബ്രിട്ടീഷുകാരുടെ വരവാണ് ജാതീയമായ അസമത്വങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുകയും അവശവിഭാഗങ്ങളുടെ ഉന്നമനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തത്. യൂറോപ്യന്‍ മിഷണറിമാര്‍ കീഴാളവിഭാഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് തദ്ദേശീയര്‍ക്കിടയില്‍ ഉണര്‍വുണ്ടാക്കി. ഹിന്ദുമതത്തില്‍ പരിഷ്‌കരണവാദികള്‍ ഉണ്ടായതും ഇക്കാലത്താണ്. ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായി കൂടുതല്‍ സ്‌കൂളുകള്‍ തുറന്നതും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കീഴാള വിഭാഗങ്ങള്‍ക്ക് പ്രതിനിധാനം ലഭിച്ചതും മറ്റൊരു കാരണമായി.


1813-ലെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ചാര്‍ട്ടര്‍ ആക്ട് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ വാണിജ്യ കുത്തക അവസാനിപ്പിച്ചു. ഈ ചാര്‍ട്ടറില്‍ ഇന്ത്യയില്‍ സ്‌കൂളുകള്‍ സ്ഥാപിക്കാനും വിദ്യാഭ്യാസത്തിനുമായി ബ്രീട്ടിഷ് സര്‍ക്കാര്‍ ഒരുലക്ഷം രൂപ മാറ്റിവെക്കുകയും ചെയ്തു. അതിന് മുമ്പുതന്നെ മിഷണറിമാര്‍ സ്‌കൂളുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. മത വിദ്യാഭ്യാസത്തിനായിരുന്നു അവര്‍ ഊന്നല്‍ നല്‍കിയത്. ഇത് ആളുകളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നും തങ്ങളുടെ വാണിജ്യതാല്‍പര്യങ്ങള്‍ക്ക് വിനയാകുമെന്നും ഈസ്റ്റ് ഇന്ത്യ കമ്പനി മനസിലാക്കി. ഇത് തടയാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയും ചെയ്തു. 1793 മുതല്‍ 1813 വരെ മിഷണറി പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്തു. എങ്കിലും ചാര്‍ട്ടര്‍ ആക്ട് വന്നതോടെ മിഷണറി പ്രവര്‍ത്തനത്തിന് വീണ്ടും അനുമതി ലഭിച്ചു. 1835-ല്‍ ആണ് മെക്കാളെ പ്രഭു വിദ്യാഭ്യാസം സര്‍ക്കാരിന്റെ കീഴിലാക്കി ഉടമ്പടി കൊണ്ടുവന്നത്. ഇന്ത്യയിലെ പഠനമാധ്യമം ഇംഗ്ലീഷാക്കിയതും അദ്ദേഹമാണല്ലോ?


ഇക്കാലയളവിലെ പ്രധാന സംഭവമായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഡയരക്ടറായ ചാള്‍സ് വുഡ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉണ്ടാക്കാന്‍ ശുപാര്‍ശ ചെയ്തതും എല്ലാ ജില്ലകളിലും പ്രൈമറി, മിഡില്‍, ഹൈസ്‌കൂളുകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടതും. മതേതരമായി വിദ്യാഭ്യാസം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധയൂന്നി. രാജ്യത്തെ ആദ്യകാല സര്‍വകലാശാലകളായ ബോംബെ, കല്‍ക്കത്ത, മദ്രാസ് സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെട്ടതും ഇക്കാലത്താണ്. തദ്ദേശീയരായ ഉദ്യോഗസ്ഥരെ നിയമിക്കാനായി ഒരു കാറ്റഗറി ഉണ്ടാക്കാനും അദ്ദേഹം ശുപാര്‍ശ ചെയ്തു. വിദ്യാലയങ്ങളില്‍ തൊഴില്‍പരിശീലനവും തുടങ്ങി. ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ സുപ്രധാന ചുവടുവെപ്പായിരുന്നു 1854-ലെ വുഡ്‌സ് ഡെസ്പാച്ച്. അന്നത്തെ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ ഡല്‍ഹൗസി പ്രഭുവിനാണ് അദ്ദേഹം ഇത് സമര്‍പ്പിച്ചത്.

ജ്യോതിറാവു ഫുലെ
....................................

സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടെങ്കിലും ഇന്ത്യന്‍ സമൂഹത്തില്‍ മതേതരമോ ജാതിവിവേചനരഹിതമോ ആയ പൊതു ഇടങ്ങള്‍ രൂപപ്പെട്ടിരുന്നില്ല. വിദ്യാലയങ്ങൡ കീഴാളജാതിക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇക്കാലത്താണ് ഹിന്ദുമതത്തിലെ അയിത്തത്തിനും അനാചാരത്തിനും എതിരെ മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ജോതിറാവു ഫുലെ (ജ്യോതിബ ഫുലെ - 1827-1890) എന്ന സാമൂഹ്യപരിഷ്‌കര്‍ത്താവിന്റെ ഉദയം. ജാതിശ്രേണിയില്‍ ബ്രാഹ്മണര്‍ക്ക് താഴെയുള്ള മാലി ജാതിക്കാരനായിരുന്നു അദ്ദേഹം. ദരിദ്ര കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ പഠനം പകുതിയില്‍ നിന്നുപോയി. പിന്നീട് 1841-ല്‍ അദ്ദേഹത്തിന് പുണെയിലെ സ്‌കോട്ടിഷ് മിഷന്‍ ഹൈസ്‌കൂളില്‍ പ്രവേശനം ലഭിച്ചു. ഇതിനുശേഷമാണ് ദളിത് ഉദ്ധാരണ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയത്. ബ്രാഹ്മണ സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ ജാതിയുടെ പേരില്‍ അധിക്ഷേപിക്കപ്പെട്ടതാണ് ഇതിന് കാരണമായത്. ഇതോടെ അദ്ദേഹം അധസ്ഥിത ജാതിക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുകയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. 1851-ല്‍ അദ്ദേഹം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌കൂള്‍ സ്ഥാപിച്ചു. പിന്നീട് ദളിത് വിഭാഗങ്ങള്‍ക്ക്-പ്രത്യേകിച്ച് മഹാര്‍, മാങ്ക് ജാതിയില്‍പെട്ടവര്‍ക്കായി രണ്ട് സ്‌കൂളുകളും സ്ഥാപിച്ചു. വിധവകളെയും കുട്ടികളെയും പുനരധിവസിപ്പിക്കുന്നതിനായി 1854-ല്‍ ഒരനാഥാലയവും സ്ഥാപിച്ചു. ഇവിടെ പിന്നീട് സവര്‍ണജാതിയില്‍പെട്ട വിധവകളും അഭയം തേടിയെത്തി.


ശൂദ്രവിഭാഗങ്ങളെ അടിച്ചമര്‍ത്താനും ചൂഷണം ചെയ്യാനുമായി സവര്‍ണ വിഭാഗങ്ങള്‍ മനുഷ്യത്വരഹിതമായ നിയമങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാലത്ത് കുളത്തില്‍ നിന്നും പുഴയില്‍ നിന്നും വെള്ളമെടുക്കുന്നതിന് വരെ അവര്‍ണ ജാതിക്കാര്‍ക്ക് വിലക്കുണ്ടായിരുന്നു. ഇതിനെ അദ്ദേഹം വെല്ലുവിളിച്ചു. താഴ്ന്ന ജാതിക്കാര്‍ക്ക് കുളിക്കാനായി തന്റെ വീടിന് സമീപത്തുതന്നെ അദ്ദേഹം ജലസംഭരണി നിര്‍മിച്ചു. ഇവിടെ എല്ലാ ജാതിക്കാര്‍ക്കും ഒരുമിച്ച് കുളിക്കാന്‍ സൗകര്യമൊരുക്കി. ജാതിരഹിതമായ പന്തിഭോജനങ്ങളും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. 1873-ല്‍ അദ്ദേഹം സ്ഥാപിച്ച 'സത്യശോധക് സമാജ്' ദളിത് വിമോചനത്തിനുള്ള പ്രസ്ഥാനമായിരുന്നു. തൊട്ടുകൂടായ്മ ഇല്ലാതാക്കാനും മതരഹിത-ജാതിരഹിത പൊതുമണ്ഡലം രൂപപ്പെടുത്താനും യത്‌നിച്ച ആദ്യകാല പരിഷ്‌കര്‍ത്താക്കളിലൊരാളായിരുന്നു അദ്ദേഹം.


ഹണ്ടര്‍ കമ്മീഷന്‍(1882)
............................................

ബ്രിട്ടീഷ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും സ്‌കോട്ടിഷ് ചരിത്രകാരനുമായിരുന്ന വില്യം വില്‍സണ്‍ ഹണ്ടറിനെ 1882-ല്‍ ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മിഷനായി നിയമിച്ചു. സ്‌കൂളുകള്‍ പ്രാദേശിക ബോര്‍ഡുകള്‍ക്ക് കൈമാറണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശുപാര്‍ശ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിംകള്‍ക്ക് തീരെ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം കണ്ടെത്തി. മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക ഫണ്ട് നീക്കിവെക്കണമെന്നും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഹിന്ദുസ്ഥാനി(ഉറുദു)യും പേര്‍ഷ്യനും പഠിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ഫീസ് കൊടുക്കാന്‍ കഴിയാത്ത മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ നിയമനങ്ങളില്‍ ആനുപാതികമായ പ്രാധാന്യം നല്‍കാനും ശുപാര്‍ശ ചെയ്തു. ദളിത്, പിന്നാക്ക, ഗിരിവര്‍ഗ, ആദിവാസി വിദ്യാര്‍ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാനും ഇതില്‍ ശുപാര്‍ശയുണ്ടായിരുന്നു. ഇതിനായി സര്‍്ക്കാരിനും മുനിസിപ്പല്‍ ബോര്‍ഡുകള്‍ക്കും നിര്‍ദേശം നല്‍കാം. എതിര്‍പ്പുണ്ടാകുന്ന ഇടങ്ങളില്‍ ദളിത്, ഗിരിവര്‍ഗ, ആദിവാസിവിഭാഗങ്ങള്‍ക്കായി പ്രത്യേക സ്‌കൂളുകള്‍ തുറക്കണം. അധ്യാപകരുടെ ജാതിവിവേചനം മാറ്റാന്‍ നിയമമുണ്ടാക്കണം. ആദിവാസി-ഗിരിവര്‍ഗങ്ങളുടെ വിദ്യാഭ്യാസം സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കരുത്. അത് സര്‍ക്കാര്‍ ഏറ്റെടുക്കണം. കൂടാതെ ഇവരില്‍ നിന്ന് ഫീസ് വാങ്ങരുതെന്നും ഹണ്ടര്‍ ശുപാര്‍ശ ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അദ്ദേഹം ഊന്നല്‍ നല്‍കി. ഇതോടൊപ്പം അടിസ്ഥാന സൗകര്യത്തിലും വിദ്യാഭ്യാസ രീതിയിലും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. ഗവര്‍ണര്‍ ജനറലായിരുന്ന റിപ്പണ്‍ പ്രഭുവാണ് അദ്ദേഹത്തെ നിയമിച്ചത്. ഹണ്ടര്‍ കമ്മീഷന്റെ നടപടികള്‍ കീഴാള വിഭാഗങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസമുണ്ടാക്കി. പക്ഷേ അവര്‍ണ വിഭാഗങ്ങള്‍ക്ക് സ്‌കൂള്‍ പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. 1858-ല്‍ ബോംബെയില്‍ സര്‍ക്കാര്‍ സഹായം പറ്റുന്ന സ്‌കൂളുകള്‍ എല്ലാ വിഭാഗങ്ങള്‍ക്കുമായി തുറന്നുകൊടുക്കണമെന്നും ഉത്തരവുണ്ടായി. പക്ഷേ ഇത് അത്രയൊന്നും ഫലപ്രദമായില്ല. അതിന് തെളിവാണ് 1923-ല്‍ അവര്‍ണര്‍ക്ക് പ്രവേശനം നല്‍കാത്ത സ്‌കൂളുകളുടെ ധനസഹായം റദ്ദാക്കുമെന്ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ്.

അംബേദ്കര്‍ എന്ന പോരാളി
.................................................

അധസ്ഥിത ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചവരില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നയാളാണ് ഡോ.ബാബാസാഹിബ് ഭീംറാവു അംബേദ്കര്‍. സംവരണത്തിലൂടെയും നിയമനിര്‍മാണത്തിലൂടെയും മാത്രമേ അധസ്ഥിത വിഭാഗങ്ങളെ മുന്‍പന്തിയിലേക്ക് കൊണ്ടുവരാനാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു. ഗാന്ധിജിയും കോണ്‍ഗ്രസും നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോട് പലപ്പോഴും അദ്ദേഹത്തിന് ഇടയേണ്ടിവന്നു. 1880 ആകുമ്പോഴേക്കും അധസ്ഥിത വിഭാഗങ്ങള്‍ക്കായി പ്രത്യേക സ്‌കൂളുകളും സ്‌കോളര്‍ഷിപ്പുപോലുള്ള പദ്ധതികളും ഏര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടീഷുകാരുടെ ഇന്ത്യന്‍ പട്ടാളത്തില്‍ അംഗമായിരുന്നു അംബേദ്കറിന്റെ പിതാവ്. മഹാര്‍ ജാതിയില്‍പ്പെട്ട അംബേദ്കറിന് അതിനാല്‍ സ്‌കൂളുകളില്‍ പഠിക്കാന്‍ കഴിഞ്ഞു. അതേസമയം തന്നെ ചില നാട്ടുരാജ്യങ്ങളും ദളിത്  വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. അങ്ങനെയൊരാളായിരുന്നു ബറോഡയിലെ മഹാരാജാവ്. അദ്ദേഹമാണ് അംബേദ്കറിന് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്രത്തില്‍ പി.എച്ച്.ഡിക്ക് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍കിയത്. പിന്നീട് അദ്ദേഹം ലണ്ടനില്‍ നിന്ന് ഡി.എസ്.സിയും അഭിഭാഷക ബിരുദവും നേടി. അദ്ദേഹം അധസ്ഥിത വിഭാഗങ്ങളെ സംഘടിപ്പിച്ച് ജാതി വ്യവസ്ഥയ്ക്കും സംവരണത്തിനുമായി പോരാട്ടം തുടങ്ങുകയും ചെയ്തു.


ഭരണപരിഷ്‌കാരങ്ങളും സാമുദായിക പ്രാതിനിധ്യവും
.............................................................................................

1909-ലെ മിന്റോ-മോര്‍ലി ഭരണപരിഷ്‌കാര(ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട്)ത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിയമനിര്‍മാണ സഭയിലേക്കുള്ള പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിച്ചു. (അന്നത്തെ വൈസ്രോയി ആയിരുന്നു മിന്റോ പ്രഭു. ഇന്ത്യ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു ജോണ്‍ മോര്‍ലി.) അതില്‍ മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുകയും ചെയ്തു. അതിന് ഒരു പശ്ചാത്തലമുണ്ടായിരുന്നു. ഇന്ത്യയിലെ തീവ്രവാദ വിഭാഗങ്ങളെ നിയന്ത്രിക്കാനും മിതവാദികളുമായി കുടുതല്‍ ബന്ധം സ്ഥാപിക്കാനും ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 1908-ല്‍ ബാലഗംഗാധര തിലകനെ അറസ്റ്റുചെയ്ത് ആറുവര്‍ഷത്തേക്ക് ജയിലിലടച്ചിരുന്നു. സ്വരാജ്യം എന്ന ആവശ്യം ശക്തമായിത്തുടങ്ങിയ സമയവുമായിരുന്നു ഇത്. ഇതിനിടെ 1906-ല്‍ ഷിംല ദൗത്യത്തിന്റെ ഭാഗമായി ആഖാ ഖാന്‍ ഉള്‍പ്പെടെയുള്ള വരേണ്യ മുസ്ലിം നേതാക്കള്‍ മിന്റോ പ്രഭുവിനെ കണ്ടിരുന്നു. ജനസംഖ്യയുടെ അനുപാതത്തില്‍ പ്രാതിനിധ്യം വേണമെന്നും ആവശ്യപ്പെട്ടു. ഇവര്‍ തന്നെയാണ് പിന്നീട് മുസ്ലിംലീഗിനെയും നിയന്ത്രിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് മുസ്ലിം ബൗദ്ധികവിഭാഗത്തെ അകറ്റുക എന്ന തന്ത്രം ബ്രിട്ടീഷ് നേതൃത്വത്തിനുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷുകാര്‍ക്ക് പ്രത്യേക സാമുദായിക വോട്ടവകാശം നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മുസ്ലിങ്ങള്‍ക്ക് കൗണ്‍സിലില്‍ പ്രത്യേക പ്രാതിനിധ്യം ലഭിച്ചു. മുസ്ലിങ്ങള്‍ക്ക് തങ്ങളുടേതായ പ്രതിനിധിയെ വോട്ടുചെയ്ത് തിരഞ്ഞെടുക്കാം. അതായിരുന്നു ആനുകൂല്യം. ആകെ 69 അംഗങ്ങളാണ് അക്കാലത്ത് സെന്‍ട്രല്‍ കൗണ്‍സിലില്‍ ഉണ്ടായിരുന്നത്. മുസ്ലിങ്ങള്‍ക്ക് പ്രാദേശിക കൗണ്‍സിലുകളിലും സംവരണാടിസ്ഥാനത്തില്‍ പ്രാതിനിധ്യം ലഭിച്ചു. ഇക്കാലമാകുമ്പോഴേക്കും ഇന്ത്യയിലെ ബ്രാഹ്മണരെയും മറ്റു ഹിന്ദുവിഭാഗങ്ങളെയും അവര്‍ അവിശ്വസിച്ചുതുടങ്ങിയിരുന്നു.


ഒന്നാംലോക മഹായുദ്ധമാകുമ്പോഴേക്കും ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യന്‍ ഭരണത്തില്‍ ശ്രദ്ധ ചെലുത്താന്‍ പറ്റാതായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം കുടുതല്‍ ശക്തിപ്രാപിക്കാനും തുടങ്ങി. ഇതിനിടെ ഇന്ത്യന്‍ സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന മൊണ്ടേഗു പ്രഭു ഇന്ത്യയിലെത്തി സര്‍ക്കാര്‍ പ്രതിനിധികളും സര്‍ക്കാര്‍ ഇതര പ്രതിനിധികളുമായി കൂടിക്കാഴ്്ച നടത്തി. 1918-ല്‍ വൈസ്രോയിയായ ചെംസ്‌ഫോര്‍ഡുമായി ചേര്‍ന്ന് ഭരണപരിഷ്‌കാരം നടപ്പാക്കാന്‍ ആഗ്രഹിക്കുന്നതായി പ്രഖ്യാപിച്ചു. ഇതാണ് മൊണ്ടേഗു-ചെംസ്‌ഫോര്‍ഡ് ഭരണപരിഷ്‌കാരമായി പിന്നീട് അറിയപ്പെട്ടത്. ഇത് 1919-ല്‍ ബിട്ടീഷ് സര്‍ക്കാര്‍ പാസാക്കുകയും ചെയ്തു. മുസ്ലിങ്ങള്‍ക്കുപുറമെ സിഖ്, ആംഗ്ലോ ഇന്ത്യന്‍, ക്രിസ്ത്യന്‍, യൂറോപ്യന്‍ വിഭാഗങ്ങള്‍ക്കും സാമുദായിക വോട്ടവകാശം നല്‍കി. പ്രവിശ്യാഭരണകുടങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ദ്വിഭരണം ആണ് അവര്‍ നടപ്പാക്കിയത്. ഇതിലെ പരിഷ്‌കാര പ്രകാരം 1926-ല്‍ സിവില്‍ സര്‍വീസ് നിയമനങ്ങള്‍ക്കായി കേന്ദ്ര പബ്ലിക് സര്‍വീസ് രൂപവത്കരിക്കുകയും ചെയ്തു. പ്രാദേശിക ഭരണകൂടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം 70 ശതമാനമാക്കി ഉയര്‍ത്തുകയും കേന്ദ്ര നിയമനിര്‍മാണ സഭയക്ക് ഉപരിസഭ(സ്റ്റേറ്റ് കൗണ്‍സില്‍)യും അധോസഭ(ലെജിസ്ലേറ്റീവ് അസംബ്ലി)യും ഉണ്ടാക്കുകയും ചെയ്തു.


സൈമണ്‍ കമ്മീഷന്‍(1927)
...........................................

മുസ്ലിം, സിക്ക്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് സാമുദായിക പ്രാതിനിധ്യം കിട്ടിയതോടെ ഹിന്ദുമതത്തിലെ അധസ്ഥിത വിഭാഗങ്ങളും പ്രക്ഷോഭവുമായി മുന്നോട്ടുവന്നു. 1919-ല്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങള്‍ പുനപരിശോധിക്കാന്‍ 1927-ല്‍ ബ്രീട്ടീഷ് സര്‍ക്കാര്‍ ജോണ്‍ സൈമണ്‍ അധ്യക്ഷനായി ഏഴംഗ സമിതിയെ നിയോഗിച്ചു. ഇതില്‍ അന്നത്തെ പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലിയും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന്് ഭയന്ന കണ്‍സര്‍വേറ്റീവ് ഭരണകുടത്തിന്റെ പ്രതിഛായാ മെച്ചപ്പെടുത്തലായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഇന്ത്യയിലെ സ്ഥിതി കൂടുതല്‍ വഷളാകുകയും ചെയ്തിരുന്നു. പൂര്‍ണമായും വെള്ളക്കാര്‍ മാത്രമുള്ളതായിരുന്നു ഈ പാനല്‍. ഇത് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസും മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മുസ്ലിം ലീഗും തീരുമാനിച്ചു. സൈമണ്‍ കമ്മീഷനെതിരെ ഇന്ത്യയിലെങ്ങും പ്രതിഷേധങ്ങള്‍ നിറഞ്ഞു. 1928 ഒക്ടോബര്‍ 30ന് ലാഹോറില്‍ എത്തിയ കമ്മീഷന് നേരെ  നടന്ന പ്രതിഷേധത്തില്‍ പോലീസ് ലാത്തിവീശി. ഇതില്‍ മര്‍ദനമേറ്റ ലാലാ ലജ്പത്‌റായ് ആറുദിവസത്തിന് ശേഷം മരിച്ചു. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗിലെ മറ്റൊരു വിഭാഗം കമ്മീഷനുമായി സഹകരിക്കാനും തീരുമാനിച്ചു.


ബഹിഷ്‌കൃത് ഹിതകാരിണി സഭയുടെ പേരില്‍ അംബേദ്കര്‍ അധസ്ഥിത വിഭാഗങ്ങള്‍ക്ക് പ്രത്യേകം ക്വാട്ട വേണമെന്ന് കമ്മീഷന് മുമ്പാകെ മെമ്മോറാണ്ടം നല്‍കി. 140 അംഗങ്ങളുള്ള ബോംബെ നിയമസഭയില്‍ 22 അംഗങ്ങള്‍വേണമെന്ന് അംബേദ്കര്‍ വാദിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കുടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പശ്ചാത്തലത്തില്‍ അതിനേക്കാള്‍ അര്‍ഹതയുള്ള തങ്ങള്‍ക്കും സീറ്റ് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തൊട്ടുകൂടായ്മ നിലനില്‍ക്കുന്നിടത്തോളം അവര്‍ണ വിഭാഗങ്ങള്‍ക്ക് പ്രത്യേക സാമുദായിക വോട്ടവകാശം പ്രായോഗികമാകില്ലെന്നും അദ്ദേഹം നിലപാടെടുത്തു. ഉയര്‍ന്നജാതിക്കാരായ പോളിങ് ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍വോട്ടുചെയ്യാന്‍ കീഴാളവിഭാഗങ്ങള്‍ എത്തില്ലെന്ന് അദ്ദേഹം ഭയന്നിരുന്നു. കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടില്‍ അധസ്ഥിത വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുകയും ചെയ്തിരുന്നു. 1928-ല്‍  ബോംബെയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തില്‍ സൈമണ്‍ കമ്മീഷനെ വെല്ലുവിളിച്ച് തയാറാക്കിയ ബദല്‍ 'നെഹ്‌റു റിപ്പോര്‍ട്ടി'ല്‍ ദളിത് വിഭാഗങ്ങളെ പരാമര്‍ശിക്കാതിരുന്നതും അംബേദ്കറിനെ പ്രകോപിപ്പിച്ചിരുന്നു. മോത്തിലാല്‍ നെഹ്‌റു തയാറാക്കിയ റിപ്പോര്‍ട്ടില്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേക വോട്ടവകാശം ഒഴിവാക്കി സംവരണ സീറ്റ് ആണ് നിര്‍ദേശിച്ചിരുന്നത്. ഇത് ജിന്നയെ പ്രകോപിപ്പിക്കുകയും കോണ്‍ഗ്രസ്-ലീഗ് ബന്ധം വഷളാകുകയുംചെയ്തു. ജിന്ന പതിനാലിന നിര്‍ദേശങ്ങള്‍ പ്രത്യേകമായി തയാറാക്കുകയും ചെയ്തു.



മദ്രാസ് സര്‍ക്കാരിന്റെ കമ്യൂണല്‍ ഓര്‍ഡര്‍(1927)
................................................................................

ഇന്ത്യയില്‍ ആദ്യമായി പിന്നാക്ക-അധസ്ഥിത വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നിയമ നിര്‍മാണം നടത്തിയത് ബിട്ടീഷ് അധീനതയിലുള്ള മദ്രാസ് സര്‍ക്കാരായിരുന്നു. 1885-ല്‍ തന്നെ അധസ്ഥിത വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ധനസഹായ ചട്ടം ഉണ്ടാക്കിയിരുന്നു. 1921-ല്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. അബ്രാഹ്മണ ജാതികള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ കുടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടത്തി. 1927-ല്‍ ഇത് കുറെക്കൂടി വിപുലപ്പെടുത്തി അഞ്ചുവിഭാഗങ്ങളിലായി പ്രത്യേകസംവരണം ഏര്‍പ്പെടുത്തി. കോളേജ് പ്രവേശനത്തിലും സര്‍ക്കാര്‍ ജോലികളിലും സാമുദായിക സന്തുലിതത്വവും തുല്യതയും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി കമ്യൂണല്‍ ഗവണ്‍മെന്റ് ഓര്‍ഡര്‍ പാസാക്കി. 1947-ല്‍ ഇത്  വീണ്ടും പുനക്രമീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ ഉത്തരവ് 1951-ല്‍ ചമ്പകം ദൊരൈരാജന്‍ നല്‍കിയ കേസിനെ തുടര്‍ന്ന് ഇല്ലാതായി. സംവരണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ആദ്യമായി ഉണ്ടായ കേസ് ആയിരുന്നു ഇത്. ഭരണഘടനാ വിരുദ്ധമാണ് ഇത്തരം സംവരണങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ഉത്തരവ് റദ്ദാക്കിയത്. ഭരണഘടനയുടെ ആദ്യത്തെ ഭേദഗതിക്കും കാരണമായത് ഈ കേസ് ആണ്.


വട്ടമേശ സമ്മേളനങ്ങള്‍
.........................................

സൈമണ്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ആറുമാസത്തിനുശേഷം നടന്ന ഒന്നാംവട്ടമേശ സമ്മേളനത്തിലും ഗാന്ധിജിയോ കോണ്‍ഗ്രസോ പങ്കെടുത്തില്ല. അംബേദ്കറും റാവുബഹദൂര്‍ ആര്‍. ശ്രീനിവാസനും പങ്കെടുത്ത് അധസ്ഥിത വിഭാഗങ്ങള്‍ക്ക് പ്രത്യേക വോട്ടവകാശം എന്ന ആവശ്യം മുന്നോട്ടുവെച്ചു. എന്നാല്‍ ഇതില്‍ ധാരണയിലെത്താനായില്ല. രണ്ടാംവട്ടമേശ സമ്മേളനത്തിലും അംബേദ്കറും ശ്രീനിവാസനും പങ്കെടുത്തു. എന്നാല്‍ തങ്ങള്‍ മാത്രമാണ് ഇന്ത്യയുടെ യഥാര്‍ഥ അഭിപ്രായത്തെ പ്രതിനിധീകരിക്കുന്നതെന്ന നിലപാട് ഈ യോഗത്തില്‍ പങ്കെടുത്ത ഗാന്ധിജി തുടര്‍ന്നു. ഹിന്ദുമതത്തിലെ അധസ്ഥിതര്‍ക്ക് പ്രത്യേക വോട്ടവകാശം എന്ന നിര്‍ദേശത്തെ ഗാന്ധി സശക്തം എതിര്‍ത്തു. ഈ സമയമാകുമ്പോഴേക്കും അദ്ദേഹം ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. ഗാന്ധിജി മുന്നോട്ടുവെച്ച സംവരണ സീറ്റ് എന്ന ആശയവുമായി ഒത്തുതീര്‍പ്പാകാന്‍ അംബേദ്കര്‍ സന്നദ്ധനായിരുന്നു. എന്നാല്‍ അംബേദ്കര്‍ക്ക് ഇന്ത്യയിലെ ദളിത് വിഭാഗങ്ങളെ പ്രതിനിധീകരിക്കാനുള്ള അവകാശമില്ലെന്ന നിലപാടില്‍ ഗാന്ധിജി ഉറച്ചുനിന്നു. അംബേദ്കറെയും കൂട്ടാളികളെയും തള്ളിപ്പറയുകയും ചെയ്തു. അതേസമയം മുസ്ലിങ്ങള്‍ക്ക് പ്രത്യേക വോട്ടവകാശം എന്ന ആവശ്യത്തിന് ഒപ്പം നില്‍ക്കുകയും ചെയ്തു.

പുണെ ഉടമ്പടി(1932)
............................

രണ്ടാം വട്ടമേശ സമ്മേളനം കഴിഞ്ഞുമടങ്ങിയ ഗാന്ധിജിയെ ബ്രിട്ടീഷുകാര്‍ ജയിലിലിലടച്ചു. ചര്‍ച്ചകള്‍ എങ്ങുമെത്താതായതോടെ 1932 ആഗസ്ത് 16ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റംസേ മക്‌ഡൊണള്‍ഡ് മധ്യസ്ഥനായി ന്യൂനപക്ഷങ്ങള്‍ക്കും ഹിന്ദുമതത്തിലെ അധസ്ഥിത സമുദായങ്ങള്‍ക്കുമായി പ്രത്യേക സാമുദായിക വോട്ടവകാശവും സംവരണ സീറ്റുകളും (കമ്യുണല്‍ അവാര്‍ഡ് ) പ്രഖ്യാപിച്ചു. ഈ സമയം സിവില്‍ നിയമലംഘന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗാന്ധിജി മഹാരാഷ്ട്രയിലെ യേര്‍വാദ ജയിലിലായിരുന്നു. സാമുദായിക സംവരണ തീരുമാനത്തിനെതിരെ ജയിലില്‍വെച്ചും ഗാന്ധിജി നിരാഹാരം തുടര്‍ന്നു. സാമുദായിക വോട്ടവകാശത്തില്‍ ഗാന്ധിജി അതൃപ്തനായിരുന്നു. ദളിത് വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക വോട്ടവകാശം ഹിന്ദുമതത്തെ ദുര്‍ബലപ്പെടുത്തുമെന്നും സ്വാതന്ത്ര്യസമരത്തെ തളര്‍ത്തുമെന്നും അദ്ദേഹം കരുതി. അതേസമയം സംവരണം ചെയ്യപ്പെട്ട 78 സീറ്റ് അപര്യാപ്തമാണെന്ന നിലപാടായിരുന്നു അംബേദ്കറിന്. ഇതിനിടെ പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ, എസ്.രാജേന്ദ്ര പ്രസാദ്, സി.രാജഗോപാലാചാരി എന്നിവര്‍ അംബേദ്കറുമായി കൂടിക്കാഴ്ച നടത്തി. ഗാന്ധിജി നിരാഹാരം നിര്‍ത്തിയാല്‍ കമ്യുണല്‍ അവാര്‍ഡ് പിന്‍വലിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഗാന്ധിജിയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം. ആറുദിവസത്തിന് ശേഷം ഉടമ്പടിയിലെത്തി. ഇതാണ് പുണെ ഉടമ്പടിയെന്ന് അറിയപ്പെട്ടത്. ഇതുപ്രകാരം അധസ്ഥിത വിഭാഗങ്ങള്‍ക്ക് പൊതുജനപ്രതിനിധിസഭയില്‍ 148 സീറ്റ് എന്ന ധാരണയായി. ഇതുപ്രകാരം 18 ശതമാനം പ്രാതിനിധ്യവുമുണ്ടായി.

നിരാഹാരം തുടരുന്ന ഗാന്ധിജിയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സമ്മര്‍ദത്തിന് വഴങ്ങാതെ ഇത്രയും സീറ്റ് നേടിയെടുക്കുന്നതിനായി അംബേദ്കറിന്റെ കടുംപിടിത്തമുണ്ടായിരുന്നു. ഗാന്ധിജിക്കും കോണ്‍ഗ്രസിനും മേല്‍ അംബേദ്കര്‍ നേടിയ വിജയമായും ചിലര്‍ പുണെ ഉടമ്പടിയെ വിലയിരുത്തി. 78 സീറ്റ് നല്‍കിയ ബ്രിട്ടീഷ് കമ്യൂണല്‍ അവാര്‍ഡിലേതിനേക്കാള്‍ കൂടുതല്‍ സീറ്റ് ദളിത് വിഭാഗങ്ങള്‍ക്ക് നേടാനായതായിരുന്നു നേട്ടം. ഹിന്ദുമതത്തിലെ സവര്‍ണ വിഭാഗങ്ങളില്‍  നിന്ന് വേറിട്ട് അധികാര സംവിധാനത്തിലും സര്‍ക്കാര്‍ ജോലികളിലും പ്രാതിനിധ്യംനേടുന്നതിനും ഇതുവഴി കഴിഞ്ഞു. പുണെ ഉടമ്പടി ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലും മാറ്റം വരുത്തി. ഈ സംഭവത്തിന് ശേഷമാണ് ഗാന്ധിജി വ്യവസായികളുടെ സഹായത്തോടെ 'ഹരിജന്‍ സേവക്  സമാജ്' തുടങ്ങിയത്. 1933 ഫിബ്രവരിയില്‍ 'ഹരിജന്‍' പത്രം തുടങ്ങുകയും ചെയ്തു. ഗാന്ധിയും അംബേദ്കറും തമ്മിലുള്ള വിയോജിപ്പുകള്‍ ഇക്കാലത്തും സജീവമായിരുന്നു. ഹരിജന്‍ സേവക് സമാജിലെ ഡയരക്ടര്‍ ബോര്‍ഡില്‍ പോലും ആദ്യകാലത്ത്  ദളിതര്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്തത് ചര്‍ച്ചയായിരുന്നു.


കമ്യൂണല്‍ അവാര്‍ഡ്
..................................

ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു കമ്യൂണല്‍ അവാര്‍ഡ്. ഇതുപ്രകാരം 12 വിഭാഗങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ തിരഞ്ഞെടുപ്പില്‍ പ്രത്യേക പ്രാതിനിധ്യം ഏര്‍പ്പെടുത്തി. ഇന്ത്യയിലെ വിവിധ സമുദായങ്ങളെ രാഷ്ട്രീയമായി ഛിന്നഭിന്നമാക്കാന്‍ ഇതിന് കഴിയുമായിരുന്നു. സംവരണ സീറ്റുകളും ചില സമുദായങ്ങള്‍ക്ക് പ്രത്യേക സാമുദായിക വോട്ടവകാശവും ആണ് ഉണ്ടായിരുന്നത്. പ്രത്യേക വോട്ടവകാശം ഉണ്ടായിരുന്നവര്‍ക്ക് പൊതു തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് പുറമെ തങ്ങളുടെ സമുദായത്തില്‍പെട്ടവര്‍ മത്സരിക്കുന്ന പ്രത്യേകമണ്ഡലങ്ങളില്‍ അവരവരുടെ പ്രതിനിധികളെ വിജയിപ്പിക്കാനാകും. മുസ്ലിങ്ങള്‍ക്കും അന്നത്തെ അയിത്ത വിഭാഗങ്ങള്‍ക്കും പ്രത്യേക വോട്ടവകാശം ഉണ്ടായിരുന്നു.

ഇന്ത്യാ ഗവണ്‍മെന്റ് ആക്ട്-1935
....................................................
ഇന്ത്യന്‍ പ്രവിശ്യകളിലും നാട്ടുരാജ്യങ്ങളിലും സംവരണസീറ്റുകള്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ പാസാക്കിയ നിയമമാണ് 1935-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട്. ഇത് പ്രാബല്യത്തില്‍ വന്നത് 1937-ല്‍ ആണ്. ഈ നിയമത്തിലാണ് ആദ്യമായി പട്ടികജാതി എന്നത് നിര്‍വചിക്കപ്പെട്ടത്. നേരത്തെ അവശവിഭാഗങ്ങളില്‍ പെട്ടിരുന്ന ജാതികളെയും വംശങ്ങളെയും വര്‍ഗങ്ങളെയും സര്‍ക്കാര്‍ പട്ടികവിഭാഗങ്ങള്‍ എന്ന് തരംതിരിച്ചു.


നാഗ്പൂര്‍ സമ്മേളനവും ജോലിസംവരണവും
.........................................................................

സമത്വത്തിനും സാമ്പത്തിക സഹായത്തിനും വേണ്ടിയുള്ള അംബേദ്കറിന്റെ ശ്രമങ്ങള്‍ പിന്നീടും തുടര്‍ന്നു. ഇന്ത്യയിലെല്ലായിടത്തുമുള്ള അധസ്ഥിത വിഭാഗങ്ങളുടെ സമ്മേളനം 1942-ല്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്നു. ഈ സമ്മേളനത്തില്‍ ഓള്‍ ഇന്ത്യ ഡിപ്രസ്ഡ് ക്ലാസസ് ഫെഡറേഷന്‍ രൂപവത്കരിക്കുകയും ചെയ്തു. പട്ടികജാതിയില്‍ പെട്ടവര്‍ക്ക് സാമ്പത്തിക സഹായം, പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ജോലി സംവരണം, പട്ടികജാതിക്കാര്‍ക്കായി പ്രത്യേകം വില്ലേജുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഇതില്‍ ഉന്നയിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ഗാന്ധിജിയെയും നെഹ്‌റുവിനെയും ജയിലിലടച്ച സമയമായിരുന്നു ഇത്. രണ്ടാംലോക മഹായുദ്ധത്തിന്റെ ഭാഗമായി ബ്രിട്ടന്‍ സമ്മര്‍ദത്തിലുമായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ വികാരത്തിന് വിരുദ്ധമായി അബേദ്കര്‍ ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായ നിലപാടെടുത്തു. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗവുമായി അദ്ദേഹം. ഈ പദവി പട്ടികജാതിക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹം ഉപയോഗിച്ചു. ജോലി സംവരണം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അദ്ദേഹം സര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ജയിലിലായതിനാല്‍ അംബേദ്കറിനെ ഒതുക്കി നിര്‍ത്തുക ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. പട്ടികവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്തും ജോലിയിലും സംവരണം ലഭിക്കുന്നത് അങ്ങനെയാണ്.


സ്വാതന്ത്ര്യലബ്ധിയും പട്ടേല്‍ സമിതിയും
..............................................................

സ്വാതന്ത്ര്യലബ്ധിയോടെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു അംബേദ്കറിനെയാണ് നിയമമന്ത്രിയാക്കിയത്്. ഗാന്ധിയും അംബേദ്കറും തമ്മിലുണ്ടായിരുന്ന വിയോജിപ്പുകള്‍ക്കിടയിലും നെഹ്‌റു അംബേദ്കറിന്റെ കഴിവ് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു.

ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാനായി ചുമതലപ്പെടുത്തിയ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മുസ്ലിങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ നല്‍കിയ പ്രത്യേക വോട്ടവകാശം എടുത്തുകളയാന്‍ ശുപാര്‍ശ ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ സംവരണവും പൊതുവോട്ടിങ്ങുമാണ് അദ്ദേഹം നിര്‍ദേശിച്ചത്. പട്ടികജാതിവിഭാഗങ്ങള്‍ക്കുണ്ടായിരുന്ന ലോക്കല്‍ ഇലക്ടറല്‍ കോളേജ് എന്ന സംവിധാനം എടുത്തുമാറ്റി. 1950-ല്‍ ഇന്ത്യ റിപ്പബ്ലിക് ആകുകയും പൊതുഭരണ ഘടന നിലവില്‍ വരികയും ചെയ്തതോടെ ജാതി, മത, വര്‍ഗ, ലിംഗ, പ്രാദേശികപരമായ വിവേചനം നിയമവിരുദ്ധമാക്കി. തൊട്ടുകൂടായ്മ നിരോധിച്ചു. ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തില്‍ സാമൂഹ്യമായും വിദ്യാഭ്യാസപരവും പിന്നാക്കം നില്‍ക്കുന്നവരുടെയും പട്ടികജാതി-വര്‍ഗങ്ങളുടെയും പുരോഗതിക്കായി പ്രത്യേക പരിഗണന നല്‍കാമെന്ന് പറയുന്നുണ്ട്. പതിനാറാം അനുഛേദത്തില്‍ തൊഴില്‍പരമായ സംവരണത്തിനും ആഹ്വാനം ചെയ്യുന്നു.

നിലവില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് പാര്‍ലമെന്റിലും സംസ്ഥാനനിയമസഭകളിലുമുള്ള പ്രാതിനിധ്യം കണക്കാക്കുന്നത് തൊട്ടുമുമ്പു നടന്ന സെന്‍സസിന്റെ അടിസ്ഥാനത്തിലാണ്. റീ അഡ്ജസ്റ്റ്‌മെന്റ് ഓഫ് റെപ്രസന്റേഷന്‍ ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ഇന്‍ പാര്‍ലമെന്ററി ആന്‍ഡ് അസംബ്ലി കോണ്‍സ്റ്റിറ്റിയുയന്‍സീസ് ബില്‍ വഴിയാണ്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇത് രണ്ടു തവണ ഓര്‍ഡിനന്‍സ് ഇറക്കുകയാണ് ചെയ്തത്. പുതിയ എന്‍.ഡി.എ സര്‍ക്കാര്‍ ഒരുതവണയും ഓര്‍ഡിനന്‍സ് ഇറക്കി. സെന്‍സസ് കമ്മീഷണര്‍ നല്‍കുന്ന കണക്കനുസരിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്‍ ആണ് സീറ്റുകളുടെ എണ്ണവും വിഭജനവും കണക്കാക്കുന്നത്.


കാകാ കലേല്‍ക്കര്‍ കമ്മീഷന്‍
.................................................

സംവരണത്തെകുറിച്ച് പഠിക്കാന്‍ സ്വതന്ത്ര ഇന്ത്യയി്ല്‍ ആദ്യമായി രൂപം കൊണ്ട കമ്മീഷനായിരുന്നു കാകാ കലേല്‍ക്കര്‍ കമ്മീഷന്‍. വിവിധ ക്ലാസ് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം നിശ്ചയിക്കുകയായിരുന്നു ലക്ഷ്യം. കര്‍ണാടകയിലെ ബെല്‍ഗാം ജില്ലക്കാരനായ ദത്താത്രേയ ബാലകൃഷ്ണ കലേല്‍ക്കര്‍ ആയിരുന്നു ഇതിന്റെ ചെയര്‍മാന്‍. ഗാന്ധി ശിഷ്യന്‍ കൂടിയായിരുന്ന അദ്ദേഹം വിശാലമായ കാഴ്ചപ്പാടിലായിരുന്നു റിപ്പോര്‍ട്ട് തയാറാക്കിയത്. 1955-ല്‍ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നാക്കവിഭാഗത്തില്‍പെടാത്തവരെ കൂടി സംവരണത്തിന്റെ പരിധിയില്‍ കൊ്ണ്ടുവരുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പഠനരീതി. പക്ഷേ ഏകകണ്ഠമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 11 അംഗ സമിതിയില്‍ അഞ്ചുപേര്‍ പ്രത്യേകം വിയോജിപ്പ് സമര്‍പ്പിച്ചു. ഇതോടെ കമ്മീഷന്‍ ഫലം കാണാതായി. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ ജാതി അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നതു തന്നെ അനീതിയാണെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.


മണ്ഡല്‍ കമ്മീഷന്‍
.............................

മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം എന്നത് എഴുപതുകളുടെ അവസാനം മുതല്‍ സജീവമായിരുന്നു. 1978-ലെ മൊറാര്‍ജി ദേശായി സര്‍ക്കാരായിരുന്നു 52 ശതമാനത്തോളം വരുന്ന പിന്നാക്ക വിഭാഗക്കാരുടെ സാമൂഹ്യാവസ്ഥ കണക്കാക്കി സംവരണം ഏര്‍പ്പെടുത്താനായി മണ്ഡല്‍ കമ്മീഷനെ നിയമിച്ചത്. കോണ്‍ഗ്രസ് എം.പിയായിരുന്ന ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍ ആയിരുന്നു ഇതിന്റെ ചെയര്‍മാന്‍. 1980-ല്‍ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നീട് 1990-ല്‍ വി.പി.സിങ് സര്‍ക്കാരാണ് ശുപാര്‍ശകള്‍ നടപ്പാക്കിയത്. മുസ്ലിങ്ങള്‍ ഉള്‍പ്പെടുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്കായി 27 ശതമാനം ജോലിയിലും വിദ്യാഭ്യാസ പ്രവേശനത്തിലും സംവരണം നടപ്പാക്കി. ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിച്ച സംഭവം കൂടിയായിരുന്നു ഇത്. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ മുസ്ലിം-പിന്നാക്ക രാഷ്ട്രീയം കേന്ദ്രമാക്കി സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവ ചുവടുറപ്പിച്ചത് ഇക്കാലത്താണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പലയിടത്തും ജാതി അടിസ്ഥാനത്തില്‍ ശിഥിലീകരിക്കപ്പെടുമെന്നും ആഭ്യന്തരകലാപങ്ങള്‍ തന്നെയുണ്ടാകാമെന്നും ഭയന്നു. പല പാര്‍ട്ടികള്‍ക്കും അസ്തിത്വമില്ലാതായിപ്പോകുമോ എന്ന വേവലാതിയായി. ഇടതുപക്ഷ കക്ഷികള്‍ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി സമരങ്ങള്‍ ശക്തമാക്കി. ബി.ജെ.പിയാകട്ടെ രാമക്ഷേത്ര നിര്‍മാണ അജന്‍ഡയുമായി എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തി. വി.പി.സിങ് സര്‍ക്കാരിനുള്ള ബി.ജെ.പിയുടെ പിന്തുണ പിന്‍വലിക്കുന്നതിനും ഇത് കാരണമായി.


ശാസ്ത്രീയമായ പഠനരീതിയിലൂടെയാണ് മണ്ഡല്‍ കമ്മീഷന്‍ സംവരണത്തിന് അര്‍ഹരായ ജാതികളെ ഒ.ബി.സി പട്ടികയില്‍ പെടുത്തിയത്. സാമൂഹ്യവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ 11 മാനദണ്ഡങ്ങളാണ് ഇതിന് അടിസ്ഥാനമായി ഉണ്ടായിരുന്നത്. കൈത്തൊഴില്‍ ചെയ്ത് ജീവിക്കുന്നവര്‍, 17 വയസ്സിന് താഴെയുള്ള വിവാഹിതകളുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാള്‍ 25 ശതമാനത്തില്‍ അധികമുള്ള ജാതികളും വര്‍ഗങ്ങളും, സംസ്ഥാനശരാശരിയേക്കാള്‍ 25 ശതമാനത്തില്‍ അധികം സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന ജാതികളും വര്‍ഗങ്ങളും,..അങ്ങനെയാണ് സാമൂഹ്യമായ പിന്നാക്കാവസ്ഥ കണക്കാക്കിയത്. സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണം, കൊഴിഞ്ഞുപോക്ക്, പത്താംക്ലാസ് പാസായവരുടെ എണ്ണം എന്നിവയായിരുന്നു വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് മാനദണ്ഡമാക്കിയത്. വീടിന്റെ അവസ്ഥ, കടം, കുടിവെള്ളത്തിന്റെ ലഭ്യത തുടങ്ങിയ വിഷയങ്ങളാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ മാനദണ്ഡം. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളുണ്ടായി. ഡല്‍ഹിയില്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ സമരം അക്രമാസക്തമായി. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന രാജീവ് ഗോസ്വാമി സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു. ഇദ്ദേഹം 2004-ല്‍ മരിച്ചു.


ഒ.ബി.സി സംവരണത്തില്‍ നിന്ന് സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്നവരെ (ക്രീമിലെര്‍) ഒഴിവാക്കിയിട്ടുണ്ട്. ആറുലക്ഷത്തിന് താഴെ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങളിലുള്ളവര്‍ക്കാണ് സംവരണത്തിന് അര്‍ഹതയുള്ളത്.

ഈ പട്ടികയില്‍ ഇനിയും ചേരാന്‍ അര്‍ഹരായ ജാതികളുണ്ട്. ചിലത് കാലക്രമത്തില്‍ ഒഴിവാക്കപ്പെടുകയും ചെയ്‌തേക്കാം. എന്നാല്‍ എത്രകാലം സംവരണം വേണം എന്ന കാര്യത്തില്‍ നിശ്ചിതമായ ചട്ടങ്ങളില്ലെന്നത് പരിമിതിയാണ്. സംവരണ വിഭാഗത്തില്‍ പെടുത്തിയ ജാതികളെ പിന്നീട് അതില്‍ നിന്ന് മാറ്റുന്നതും വിഷമകരമാണ്. അതിലുമേറെ പ്രതിലോമകരമാണ് സംവരണത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ അജന്‍ഡയാക്കി മാറ്റുന്നത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഉത്തരേന്ത്യയിലെ ജാട്ട് സമുദായത്തെ ഒ.ബി.സി പട്ടികയില്‍ പെടുത്തിയിരുന്നു. ഇത് പിന്നീട് സ്റ്റേ ചെയ്തു. സമാനമായിരുന്നു മഹാരാഷ്ട്രയില്‍ മറാത്താ വിഭാഗത്തിന് 16 ശതമാനം സംവരണം നല്‍കിയത്. ഇത് ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തു. നിലവിലെ ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ ഇതിന് മറാത്ത വിഭാഗത്തിന് സംവരണം എന്ന ആവശ്യവുമായി മുന്നോട്ടുപോകുകയാണ്. അതേസമയം മഹാരാഷ്ട്രയില്‍ സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന അഞ്ചുശതമാനം മുസ്ലിം സംവരണം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.


ജാട്ട്, മറാത്താ വിഭാഗങ്ങളുടെ സംവരണം റദ്ദാക്കിക്കൊണ്ട് കോടതികള്‍ നടത്തിയ പ്രസ്താവനകള്‍ ശ്രദ്ധേയമാണ്. ഈ രണ്ടുവിഭാഗങ്ങളും സാമുഹികമോ വിദ്യാഭ്യാസപരമോ ആയി പിന്നാക്കം നില്‍ക്കുന്നില്ല. ഈ വര്‍ഷം തന്നെയാണ് രാജസ്ഥാനില്‍ ഗുജ്ജറുകള്‍ സംവരണം ആവശ്യപ്പെട്ട് ട്രെയിനുകള്‍ തടഞ്ഞത്.


നിലവിലെ അവസ്ഥ
..............................

നിലവില്‍ സര്‍ക്കാര്‍ മേഖലയിലെ സംവരണം 49.5 ശതമാനം ആണ്. പട്ടികവര്‍ഗം-7.5 ശതമാനം, പട്ടികജാതി-15 ശതമാനം, ഒ.ബി.സി-27 ശതമാനം എന്നിങ്ങനെയാണിത്. സ്വാതന്ത്ര്യം നേടി 68 വര്‍ഷം കഴിഞ്ഞെങ്കിലും സംവരണം കൊണ്ടുദ്ദേശിച്ച ഫലം കണ്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. സര്‍ക്കാര്‍ മേഖലയിലെ ക്ലാസ് ഒന്ന്, ക്ലാസ് രണ്ട് (സിവില്‍ സര്‍വീസും കൂടുതല്‍ അധികാരമുള്ള മറ്റ് ഉദ്യോഗങ്ങളും) വിഭാഗം ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ സംവരണ വിഭാഗങ്ങളുടെ പ്രതിനിധാനവും ബിരുദധാരികളുടെ എണ്ണവും കണക്കിലെടുത്താല്‍ പൊതുവിഭാഗങ്ങളുടെ ഒപ്പമെത്താന്‍ കഴിഞ്ഞിട്ടില്ല. ഭരണ സംവിധാനങ്ങളില്‍ സംവരണ സീറ്റുകളിലൊതുങ്ങുകയാണ് പട്ടികവിഭാഗങ്ങള്‍. ഉന്നതവിദ്യാഭ്യാസ മേഖലയിലാണെങ്കില്‍ പൊതുവിഭാഗത്തില്‍ തന്നെ എന്‍ റോള്‍മെന്റ് 25 ശതമാനമാണ്. കൂടാതെ നമ്മുടെ തൊഴില്‍മേഖലയുടെ അഞ്ചുശതമാനത്തില്‍ താഴെ മാത്രമേ സര്‍ക്കാര്‍-അനുബന്ധമേഖല ഉള്ളൂ. ഇതില്‍തന്നെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് അവസരങ്ങള്‍ താരതമ്യേന കുറവാണ്. ഒ.ബി.സി സംവരണം വന്നതോടെ വ്യാജ ജാതിസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിയും പ്രവേശനവും നേടുന്ന സംഭവങ്ങളും ധാരാളമായി കണ്ടെത്തുന്നുണ്ട്്. ഉദ്യോഗസ്ഥ-രാഷ്ട്രീയ സംവിധാനത്തിലെ അഴിമതിയും പലപ്പോഴും സംവരണം അര്‍ഹരായവര്‍ക്ക് ലഭ്യമാകാതെ പോകുന്നതിന് കാരണമാകുന്നുണ്ട്.


എതിര്‍വാദങ്ങള്‍
...........................
ജാതി എന്നത് ജന്മനാ കിട്ടുന്ന ഒന്നാണെന്നിരിക്കെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് വാദിക്കുന്നവരുണ്ട്. സംവരണ ആനുകൂല്യം ലഭിക്കുന്നതു കാരണം താഴ്ന്ന ജാതിക്കാര്‍ അതിന്റെ തന്നെ തണലില്‍ കഴിയാന്‍ ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ നടപടികള്‍ വിരുദ്ധമായ ഫലമാണ് ഉണ്ടാക്കുന്നതെന്നും ഇവര്‍ വാദിക്കുന്നു. കൂടാതെ സ്വകാര്യമേഖല ജാതീയമായ വേര്‍തിരിവുകള്‍ക്കപ്പുറം കഴിവിന് പ്രാധാന്യം നല്‍കിയാണ് നിയമനം നല്‍കുന്നതെന്നും ഈ മേഖലയില്‍ പരസ്പരം മത്സരിക്കാന്‍ സംവരണ വിഭാഗങ്ങളും തയാറാകുന്നുവെന്നും കാണാം. വര്‍ധിച്ചുവന്ന സ്വകാര്യ തൊഴില്‍മേഖല സംവരണത്തിന്റെ ആവശ്യം തന്നെ ഇല്ലാതാക്കി. തമിഴ്‌നാട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ 80 ശതമാനത്തോളം സംവരണമായി മാറുന്നു. ഇത് പൊതുവിഭാഗങ്ങളുടെ സാധ്യത തന്നെ ഇല്ലാതാക്കുന്നു.


സച്ചാര്‍ കമ്മിറ്റിയും മുസ്ലിം സംവരണവും
..............................................................

സംവരണം പിന്നാക്ക സമുദായങ്ങള്‍ക്ക് എത്രത്തോളം ഗുണകരമാകുമെന്ന് തെളിയിക്കുന്നതാണ് 2006-ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഇന്ത്യയിലെ മുസ്ലിങ്ങളുടെ സാമൂഹ്യ-സാമ്പത്തികാവസ്ഥ പഠിക്കാനാണ് 2005-ല്‍ കേന്ദ്ര സര്‍ക്കാര്‍ രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം സംവരണം ഇല്ലാതായ സമുദായത്തിന്റെ സമകാലിക അവസ്ഥ ഞെട്ടിപ്പിക്കുന്നതായിരുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലനുസരിച്ച് രാജ്യത്തെ 14 ശതമാനത്തോളം വരുന്ന മുസ്ലിങ്ങള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടായിരുന്ന പ്രാതിനിധ്യം 2.5ശതമാനം മാത്രമായിരുന്നു. പട്ടികവിഭാഗങ്ങളേക്കാള്‍ താഴെയാണ് മുസ്ലിങ്ങളുടെ അവസ്ഥയെന്നും കമ്മീഷന്‍ കണ്ടെത്തി. തുല്യതയും അവസര സമത്വവും ഉറപ്പാക്കാന്‍ തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ അര്‍ഹമായ സംവരണം ഏര്‍പ്പെടുത്തണമെന്നും സച്ചാര്‍ ശുപാര്‍ശ ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്കായി ദേശീയ കമ്മീഷന്‍ രൂപവത്കരിച്ചതും ഇതിന്റെ ഭാഗമാണ്. സേനാവിഭാഗങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന സച്ചാര്‍ ശുപാര്‍ശയ്ക്ക് ബി.ജെ.പിയില്‍ നിന്ന് വിമര്‍ശനമുണ്ടായി.

റിപ്പോര്‍ട്ട് അധികാരികളുടെ കണ്ണുതുറപ്പിച്ചില്ലെന്ന് പറഞ്ഞുകൂടാ. സ്‌കൂള്‍തലത്തിലും ഉപരിപഠനമേഖലയിലും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. മുസ്ലിങ്ങളുടെ വിദ്യാഭ്യാസപരമായ പുരോഗതിക്ക് ഇത് ആക്കം കൂട്ടിയിട്ടുണ്ട്. അതേസമയം തൊഴില്‍മേഖലയില്‍ ഇപ്പോഴും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെ അപേക്ഷിച്ച് അര്‍ഹമായ പ്രാതിനിധ്യം ലഭ്യമായിട്ടില്ല.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ ജെ.എന്‍.യുവിലെ അധ്യാപകനായ അമിതാഭ് കുണ്ടുവിന്റെ നേതൃത്വത്തില്‍ 2013-ല്‍ ഇവാല്യുവേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ ഈ സമിതിക്ക് സമയം നീട്ടിനല്‍കി.
കേന്ദ്ര സര്‍ക്കാരിന്റെ 37 മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗ പ്രതിനിധാനത്തിന്റെ കണക്കെടുത്തപ്പോള്‍ ഗ്രൂപ്പ് എ വിഭാഗത്തില്‍ 7.5 ശതമാനം പുതുതായി നിയമിക്കപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് ബിയില്‍ 9.1ഉം ഗ്രൂപ്പ് സി, ഡി എന്നിവയില്‍ 8.6ഉം ശതമാനമാണ്. ഇതിനകം മുസ്ലിം ജനസംഖ്യയില്‍ വര്‍ധനയുണ്ടാകുകയും ചെയ്തു. ദാരിദ്ര്യം ഇപ്പോഴും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.


കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ നടപടികള്‍ സ്വീകരിക്കാനിരിക്കുന്നതേയുള്ളൂ.

കേരളീയാനുഭവങ്ങള്‍
........................................

ജാതി-മതസ്പര്‍ധ കൊണ്ട് വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ച സ്ഥലമായിരുന്നു കേരളം. ആ സംസ്ഥാനം ദുരാചാരങ്ങളും അസമത്വങ്ങളും വെടിഞ്ഞ് പുരോഗതി പ്രാപിച്ചത് രാഷ്ട്രീയവും ഭരണപരവുമായ ഇടപെടലുകള്‍ കാരണമാണ്. ഇതിനാലാണ് നോബല്‍ ജേതാവായ അമര്‍ത്യ സെന്നിന് കേരളം പ്രിയപ്പെട്ട ഇടമായി മാറിയത്. ഇന്ത്യയിലെ മാതൃകാ സംസ്ഥാനങ്ങളിലൊന്നായാണ് കേരളത്തെ സെന്‍ കാണുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യംവരെ കേരളത്തിന്റെ സാമൂഹ്യാവസ്ഥ ആലോചിക്കാന്‍ പോലും പറ്റാത്തതായിരുന്നു. അവര്‍ണ വിഭാഗങ്ങള്‍ക്ക് പൊതുനിരത്തുകളിലോ പൊതു സ്ഥലങ്ങളിലോ സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമില്ല. ക്ഷേത്രങ്ങളില്‍ പ്രവേശനമില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ജോലിയിലും അവര്‍ണര്‍ക്ക് സ്ഥാനമില്ല. എന്തിന് വസ്ത്രങ്ങളോ ആഭരണങ്ങളോ ധരിക്കുന്നതില്‍ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനം നാട്ടിലെ അവസ്ഥയ്ക്ക് മാറ്റം വരുത്തിത്തുടങ്ങിയിരുന്നു.

അവര്‍ണ വിഭാഗങ്ങള്‍ക്കിടയില്‍ നിന്നാണ് കേരളത്തിന്റെ സാമുഹ്യപരിവര്‍ത്തനം തുടങ്ങിയത്. 1888-ല്‍ അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു നടത്തിയ ശിവപ്രതിഷ്ഠ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടാക്കിയത്. ബ്രാഹ്മണര്‍ ചെയ്തിരുന്ന പ്രതിഷ്ഠാക്രിയ ഈഴവനായ നാരായണന്‍ ചെയ്തത് ഏറെ കോലാഹലമുണ്ടാക്കി. അവശസമൂഹങ്ങളെ ഉയര്‍ത്തെഴുന്നേല്‍പിക്കാനും സംഘടിതരാക്കാനും ഇത് സഹായിച്ചു.

മലയാളി മെമ്മോറിയല്‍(1891)
...............................................

കേരളത്തിലെ സംവരണ പ്രക്ഷോഭങ്ങളില്‍ പ്രധാനമായ ഒന്നാണ് 1891 ജനവരി ഒന്നിന് തിരുവിതാംകൂര്‍ മഹാരാജാവിന് സമര്‍പ്പിച്ച ഭീമഹര്‍ജി. സര്‍ക്കാരിലെ വിവിധ ഉദ്യോഗങ്ങളില്‍ വിദ്യാഭ്യാസം നേടിയ നാട്ടുകാരെ നിയമിക്കണമെന്ന ആവശ്യം ഇതില്‍ ഉന്നയിച്ചു. ബാരിസ്റ്റര്‍ ജി.പി.പിള്ളയുടെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ പേര്‍ ഒപ്പിട്ടതായിരുന്നു ഹര്‍ജി. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ തുറന്നുകൊടുക്കണമെന്ന ആവശ്യവും ഇതില്‍ ഉന്നയിച്ചു. 'മാസം അഞ്ചുരൂപയോ അതിനുമേലോ ശമ്പളംവാങ്ങുന്ന ഒരു ഈഴവനെങ്കിലും തിരുവിതാംകൂര്‍ സര്‍വീസില്‍ ഇല്ലാത്തതാകുന്നു' എന്നും ഇതില്‍ പറഞ്ഞിരുന്നു. ഇത് മലയാളി മെമ്മോറിയല്‍ എന്നറിയപ്പെട്ടു. ഈഴവര്‍ ചെത്തുകൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണം എന്നായിരുന്നു ഇതിന് സര്‍ക്കാരിന്റെ മറുപടി.


ഈഴവ മെമ്മോറിയല്‍(1896)
........................................
1896 സെപ്തംബറില്‍ ഡോ.പല്‍പുവിന്റെ നേതൃത്വത്തില്‍ പതിമൂവായിരം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി-ഈഴവ മെമ്മോറിയല്‍- സമര്‍പ്പിക്കപ്പെട്ടു. ജാതിയുടെ പേരില്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെടുകയും മൈസൂര്‍ ആരോഗ്യസര്‍വീസില്‍ ജോലി ചെയ്യുകയും ചെയ്ത ആളായിരുന്നു പല്‍പു. ഈഴവ മെമ്മോറിയലിന് കാര്യമായ ഫലമുണ്ടായില്ല. ഇതോടെയാണ് പല്‍പുവിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ആശീര്‍വാദത്തോടെ 1903 മെയ് 15ന് എസ്.എന്‍.ഡി.പി യോഗം സ്ഥാപിക്കപ്പെട്ടത്. സര്‍ക്കാരില്‍ പ്രാതിനിധ്യത്തിനായി സംഘടിതമായ പ്രവര്‍ത്തനം നടത്തുകയായിരുന്നു ലക്ഷ്യം.


സാമുദായിക പരിവര്‍ത്തന പ്രക്ഷോഭങ്ങള്‍
..................................................................
എസ്.എന്‍.ഡി.പിയുടെ വരവ് മറ്റു അവര്‍ണ-സവര്‍ണ സമുദായങ്ങള്‍ക്ക് ഒരുപോലെ ഉണര്‍വേകി. 1907-ല്‍ പുലയ സമുദായ നേതാവായ അയ്യങ്കാളി തിരുവിതാംകൂറില്‍ സാധുജന പരിപാലന സംഘം സ്ഥാപിച്ചു. സഞ്ചാര സ്വാതന്ത്ര്യം, വിദ്യാലയ പ്രവേശനം, ആചാര പരിഷ്‌കരണം എന്നിവയാണ് ഇത് ലക്ഷ്യമിട്ടത്. 1912-ല്‍ കൊച്ചിയില്‍ കൃഷ്ണാതി ആശാന്റെ നേതൃത്വത്തില്‍ അവകാശങ്ങള്‍ക്കുവേണ്ടി സമരങ്ങള്‍ തുടങ്ങി. ഇതിനായി കരയില്‍ സ്ഥലം കിട്ടാത്തതിനാല്‍ കായലില്‍ വഞ്ചികള്‍ കൂട്ടിയിട്ട് പലകകള്‍ നിരത്തി നടത്തിയ സമരം സുപ്രധാനമാണ്. 1910-ല്‍ പണ്ഡിറ്റ് കെ.പി കറുപ്പന്‍ വാലസമുദായ പരിഷ്‌കരണ സഭ രൂപവത്കരിച്ചു. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ ഇല്ലാതാക്കാനായി 1908-ല്‍ രൂപം കൊണ്ട യോഗക്ഷേമസഭയുടെ ലക്ഷ്യങ്ങളില്‍ ആധുനിക വിദ്യാഭ്യാസരീതിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു.

1914 ഒക്ടോബര്‍ 31ന് ചങ്ങനാശേരിയിലെ പെരുന്നയില്‍ മന്നത്തുപദ്മനാഭന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ നായര്‍ സര്‍വീസ് സൊസൈറ്റിയും ആദ്യകാലം മുതല്‍ തന്നെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. എന്‍.എസ്.എസിന്റെ  നേതൃത്വത്തില്‍ സ്‌കൂളുകളും കോളേജ ുകളും രൂപംകൊണ്ടത് ഇങ്ങനെയാണ്. മരുമക്കത്തായ സമ്പ്രദായം പരിഷ്‌കരിക്കുക, സാമൂഹ്യമായ അനാചാരങ്ങള്‍ ഇല്ലാതാക്കുക എന്നിവയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

1917-ല്‍ കൊച്ചിയിലെ ചെറായിയില്‍ ഈഴവരുടെ ഉന്നമനത്തിനായി കെ.അയ്യപ്പന്‍ സ്ഥാപിച്ച സഹോദര സമാജവും ഓര്‍ക്കേണ്ടതാണ്.


നിവര്‍ത്തന പ്രക്ഷോഭം
.....................................
ഈഴവ മെമ്മോറിയലിനെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ക്ക് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളും പിന്തുണയുമായി രംഗത്തുവന്നു. റവന്യൂ വകുപ്പിലെ ഉദ്യോഗങ്ങള്‍ ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ഈ വകുപ്പിന് കീഴിലായിരുന്നു ദേവസ്വങ്ങള്‍ എന്നതിനാല്‍ ക്ഷേത്രപ്രവേശനത്തിന് അര്‍ഹരല്ലാത്ത അവര്‍ണര്‍ക്കും അഹിന്ദുക്കള്‍ക്കും ഈ ജോലികള്‍ വിലക്കപ്പെട്ടു. അങ്ങനെയാണ് ഇ.ജെ.ജോണ്‍, ടി.കെ.മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൗരസമത്വവാദ പ്രക്ഷോഭം തുടങ്ങിയത്. ഇതിന്റെ ഫലമായി ദേവസ്വം റവന്യൂ വകുപ്പില്‍ നിന്ന് വേര്‍പെടുത്തി. അങ്ങനെ റവന്യൂവകുപ്പില്‍ അഹിന്ദുക്കള്‍ക്കും അവര്‍ണര്‍ക്കും ജോലി നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. 1935-ല്‍ തിരുവിതാംകൂറില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്ഥാപിച്ച് എല്ലാ ജാതികള്‍ക്കും നിശ്ചിത അനുപാതത്തില്‍ ജോലി നല്‍കാനുള്ള മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത് ദേശീയതലത്തില്‍ തന്നെ മാതൃകാപരമായ നടപടിയാണ്.


ഭരണരംഗത്തെ പ്രാതിനിധ്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും ഇക്കാലത്ത് ഉയര്‍ന്നുവന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കി നിയമസഭ പുനസംഘടിപ്പിക്കണമെന്ന് തിരുവിതാംകൂര്‍ മഹാരാജാവിനോട് ആവശ്യപ്പെട്ടു. ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. 1922-ല്‍ തിരുവിതാംകൂറില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഭൂരിപക്ഷമുള്ള നിയമസഭ ഉണ്ടായി. എന്നാല്‍ വോട്ടവകാശം കരമൊടുക്കുന്നവര്‍ക്ക് മാത്രമായിരുന്നു. ഇതിനാല്‍ അവര്‍ണര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കാര്യമായ പ്രാതിനിധ്യം ലഭിച്ചില്ല. 1932-ല്‍ മറ്റൊരു പരിഷ്‌കാരം കൂടി കൊണ്ടുവന്നെങ്കിലും വോട്ടവകാശത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. ഇതെതുടര്‍ന്ന് ഈഴവരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒരുമിച്ച് നടത്തിയ സമരമായിരുന്നു നിവര്‍ത്തന പ്രക്ഷോഭം. സി.കേശവന്‍, ടി.എം.വര്‍ഗീസ്, എന്‍.വി.ജോസഫ്, പി.കെ.കുഞ്ഞ് എന്നിവരാണ് നേതൃത്വം നല്‍കിയത്. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന് വഴിയൊരുക്കിയത് ഈ സമരമായിരുന്നു. ഒടുവില്‍ വോട്ടവകാശം വിപുലപ്പെടുത്താനും ഈഴവ-ക്രിസ്ത്യന്‍-മുസ്ലിംവിഭാഗങ്ങള്‍ക്ക് നിയമസഭാ സ്ഥാനങ്ങള്‍ സംവരണം ചെയ്യുന്നതിനും ധാരണയായി.


പഠനസമിതികള്‍
........................
സ്വാതന്ത്ര്യലബ്ധിക്കും ഐക്യകേരളപ്പിറവിക്കും ശേഷം പട്ടിക വിഭാഗങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സ്ഥിതി വിലയിരുത്താന്‍ വിവിധ ഘട്ടങ്ങളില്‍ സമിതികള്‍ ഉണ്ടായിട്ടുണ്ട്. 1961-ല്‍ വി.കെ.വിശ്വനാഥന്‍ അധ്യക്ഷനായ സമിതി പ്രൊഫഷണല്‍ കോളേജുകളില്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 40 ശതമാനവും പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് പത്തുശതമാനവും സീറ്റ് സംവരണം ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഒ.ബി.സിക്കാര്‍ക്ക് 25 ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയത്. ബാക്കി നിര്‍ദേശങ്ങള്‍ ശരിവെച്ചു.


വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വസ്തുതാ പഠന സമിതിയെ നിയമിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് 1964-ല്‍ ജി.കുമാരപിള്ള അധ്യക്ഷനായ സമിതി രൂപംകൊണ്ടു. സാമൂഹ്യ പിന്നാക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിര്‍ണയിച്ചതിന് പുറമെ ഒ.ബി.സിയിലെ ഓരോ  വിഭാഗത്തിനും നിശ്ചിത അനുപാതവും കമ്മിറ്റി നിര്‍ദേശിച്ചു. ഈ സമിതി ആസ്പദമാക്കിയ വിവരങ്ങളെ ഹൈക്കോടതിയില്‍ വീണ്ടും ചോദ്യം ചെയ്തു. ഇതോടെ 1967-ല്‍ എം.പി.ദാമോദരന്‍ അധ്യക്ഷനായ മറ്റൊരു സമിതി കൂടിയുണ്ടായി. ഈ കമ്മിറ്റി 1970-ല്‍ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എങ്കിലും സംവരണത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല.


നരേന്ദ്രന്‍ കമ്മിഷന്‍
.................................

കേരളത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുബന്ധമേഖലകളിലെ പ്രാതിനിധ്യം പഠിക്കാനായി 2000-ല്‍ നിയമിച്ച സമിതിയാണ് നരേന്ദ്രന്‍ കമ്മിഷന്‍. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.കെ.നരേന്ദ്രന്‍ അധ്യക്ഷനായ കമ്മീഷന്‍ 2001-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, മറ്റു സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയിലെ സാമുദായികാടിസ്ഥാനത്തിലെ പ്രതിനിധാനം പഠിക്കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ ജോലികള്‍ ഏറെയും മുന്നോക്ക വിഭാഗങ്ങള്‍ക്കാണ് ലഭിക്കുന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് നരേന്ദ്രന്‍ കമ്മീഷന്‍ തള്ളി. സര്‍ക്കാര്‍ ജോലിയിലെ പിന്നാക്കസമുദായങ്ങള്‍ 48.23 ശതമാനം ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. അതേസമയം മുന്നോക്ക വിഭാഗങ്ങളുടെ പങ്ക് 38.63 ശതമാനമാണ്. പിന്നാക്ക സമുദായത്തില്‍ പെട്ട 68 വിഭാഗങ്ങളില്‍ ചിലര്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. ഈഴവര്‍ക്ക് താരതമ്യേന മെച്ചപ്പെട്ട മുന്നേറ്റം ഉണ്ടാക്കാന്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് ആനുപാതികമായ പരിഗണന ഇനിയും ലഭിച്ചിട്ടില്ല.


മതിയായ പ്രാതിനിധ്യം നേടിയ സമുദായങ്ങളെ സംവരണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ തള്ളുന്നതായിരുന്നു കമ്മീഷന്റെ നിലപാട്. കീഴാള വിഭാഗങ്ങള്‍ക്ക് ജോലി ലഭ്യമാകാന്‍ കാരണമായത് സംവരണമാണ്. ഈ സമുദായങ്ങളൊന്നും സംവരണം ഇല്ലാതെ നിലനില്‍ക്കാന്‍ പര്യാപ്തമായെന്ന് വിശ്വസിക്കാനാവില്ല. സംവരണത്തിലധികം ചില വിഭാഗങ്ങള്‍ ജോലി നേടുന്നുണ്ടെങ്കില്‍ അവരെ അതിന് പ്രാപ്തരാക്കുന്നത് സംവരണനയം തന്നെയാണ്. സംവരണനയം അവരെ സഹായിക്കുന്നുവെന്നേ കരുതാനാകൂ എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.


മേല്‍ജാതിക്കാരിലെ ദരിദ്രര്‍
.................................................

സാമ്പത്തിക സംവരണത്തിന് അടിത്തറയിട്ടുകൊണ്ട് 2008-ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ മുന്നാക്ക ജാതിക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം ക്വാട്ട നീക്കിവെക്കാന്‍ നടപടിയെടുത്തു. എന്നാല്‍ ഇത് മുസ്ലിം ജമാഅത്ത് കൗണ്‍സിലും ക്രിസ്ത്യ്ന്‍ സര്‍വീസ് സൊസൈറ്റിയും ഇത് കോടതിയില്‍ ചോദ്യം ചെയ്തു. 35 ശതമാനത്തോളം വരുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് തങ്ങളുടെ അവസരങ്ങള്‍ക്ക് വിഘാതമാകുമെന്നതായിരുന്നു ന്യായം. സുപ്രീംകോടതിയിലും വിഷയമെത്തിയെങ്കിലും ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍  പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

Comments

Popular posts from this blog

രാത്രിരാഗങ്ങളുടെ അലിഗഢ്

ഹന്‍സല്‍ മേത്തയുടെ 'അലിഗഢ്' ഫിബ്രവരിയിലാണ് തിയറ്ററുകളിലെത്തിയത്. റിലീസ് കാലത്തേക്ക് ഒതുങ്ങേണ്ട ചിത്രമല്ല ഇത്. ബോളിവുഡില്‍ ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. ഹൃദ്യമായൊരു സൗഹൃദത്തിന്റെ ഓര്‍മ; ഒരു രാത്രിരാഗത്തിന്റെ വശ്യതയോടെ നേര്‍ത്തും കനത്തും ഇഴഞ്ഞും ഇഴുകിയും പാടിത്തീരുന്ന ഗാനം- അങ്ങനെയാണ് അലിഗഢ്. പെട്ടെന്നൊന്നും മായാത്ത, വിഷാദം നിഴല്‍ പടര്‍ത്തി നില്‍ക്കുന്ന ദൃശ്യാനുഭവം.  അലിഗഢ് സര്‍വകലാശാലയിലെ മറാത്തി പ്രൊഫസര്‍ ശ്രീനിവാസ രാമചന്ദ്ര സിറസിനെ അവിസ്മരണീയനാക്കിയ മനോജ് ബാജ്‌പേയിയുടെ അഭിനയ ചാരുത അതിലേറെ ഹൃദ്യം. ഉടല്‍കൊണ്ട് നടന്‍ തീര്‍ക്കുന്ന കവിതയാണ് മികച്ച കഥാപാത്രമെങ്കില്‍, തിരശ്ശീലയില്‍ മനോജ് തീര്‍ക്കുന്ന മനോഹര കാവ്യമാണ് സിറസ്. 2014-ല്‍ 'ഷാഹിദ്' എന്ന ചിത്രത്തിലൂടെ രാജ്കുമാര്‍ റാവുവിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മേത്ത മനോജിനെയും ആ സാധ്യതയിലേക്ക് ഉയര്‍ത്തിയേക്കും. റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ ബുസാന്‍, ലണ്ടന്‍ മേളകളില്‍ ഏറെ പ്രശംസ നേടിയിരുന്നു ചിത്രം. 'ഇന്ത്യന്‍ സിനിമയില്‍ പുരുഷ സ്വവര്‍ഗാനുരാഗം പ്രമേയമായി ഇന്നേവരെ ഇറങ്ങിയതി...

'ഈട'യെന്തെല്ലാ നടക്ക്‌ന്നേന്ന് ആരാപ്പാ നോക്ക്ന്ന്

കക്ഷിരാഷ്ട്രീയത്തില്‍ ചിന്താശേഷി പണയം വെച്ചിട്ടില്ലാത്തവര്‍ 'ഈട' എന്ന സിനിമ കാണണം. ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കുക എന്നത് ഒരു രാഷ്ട്രീയ ഇടപെടല്‍ കൂടിയാണ്. മലയാളസിനിമയില്‍ കണ്ണൂര്‍ രാഷ്ട്രീയം പ്രമേയമായി ഇന്നേവരെ ഇറങ്ങിയതില്‍ ഏറ്റവും ആത്മാര്‍ഥവും സത്യസന്ധവുമായ ചിത്രമാണ് ബി. അജിത് കുമാറിന്റെ 'ഈട'. വാണിജ്യ വിജയമോ വ്യക്തിഗതമായി ലഭിച്ചേക്കാവുന്ന പ്രശസ്തിയോ പരിഗണിക്കാതെ, തനിക്ക് പറയാനുള്ള കാര്യം സിനിമയിലൂടെ പറയുന്ന ധീരതയ്ക്ക് പിന്തുണയാകും നിങ്ങളുടെ ടിക്കറ്റ്. കണ്ണൂരിലെ കൊലപാതക-ചോര രാഷ്ട്രീയത്തിന്റെ ഇരുപക്ഷത്തും നില്‍ക്കുന്നവര്‍ ഈ സിനിമയെ കൊണ്ടാടാനിടയില്ല. കാരണം രണ്ടുപക്ഷത്തെയും ഇത് വിചാരണയ്ക്ക് വിധേയമാക്കുന്നുണ്ട്. ഒരല്‍പം ഒത്തുതീര്‍പ്പ് നടത്തിയിരുന്നെങ്കില്‍, 'മെക്‌സിക്കന്‍ അപാരത'യില്‍ തുടങ്ങി രാമലീല വരെ ഉള്ള 'മല്ലു കമ്യൂണിസ്റ്റ്' സിനിമകള്‍ നേടിയെടുത്ത ഇടം 'ഈട'യ്ക്കും ലഭിക്കുമായിരുന്നു. ഒപ്പം തരക്കേടില്ലാത്ത കളക്ഷനും. അത്തരം ഒത്തുതീര്‍പ്പുകള്‍ വേണ്ടെന്ന് വെക്കുന്ന ആര്‍ജവമാണ് ഈ സിനിമയുടെ നട്ടെല്ല്. സി.പി.എമ്മിന്റെയോ ബി.ജെ.പിയുടെയോ ആരാധക സംഘം ഇത് ആഘ...