Skip to main content

'ഈട'യെന്തെല്ലാ നടക്ക്‌ന്നേന്ന് ആരാപ്പാ നോക്ക്ന്ന്


കക്ഷിരാഷ്ട്രീയത്തില്‍ ചിന്താശേഷി പണയം വെച്ചിട്ടില്ലാത്തവര്‍ 'ഈട' എന്ന സിനിമ കാണണം. ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കുക എന്നത് ഒരു രാഷ്ട്രീയ ഇടപെടല്‍ കൂടിയാണ്. മലയാളസിനിമയില്‍ കണ്ണൂര്‍ രാഷ്ട്രീയം പ്രമേയമായി ഇന്നേവരെ ഇറങ്ങിയതില്‍ ഏറ്റവും ആത്മാര്‍ഥവും സത്യസന്ധവുമായ ചിത്രമാണ് ബി. അജിത് കുമാറിന്റെ 'ഈട'. വാണിജ്യ വിജയമോ വ്യക്തിഗതമായി ലഭിച്ചേക്കാവുന്ന പ്രശസ്തിയോ പരിഗണിക്കാതെ, തനിക്ക് പറയാനുള്ള കാര്യം സിനിമയിലൂടെ പറയുന്ന ധീരതയ്ക്ക് പിന്തുണയാകും നിങ്ങളുടെ ടിക്കറ്റ്.

കണ്ണൂരിലെ കൊലപാതക-ചോര രാഷ്ട്രീയത്തിന്റെ ഇരുപക്ഷത്തും നില്‍ക്കുന്നവര്‍ ഈ സിനിമയെ കൊണ്ടാടാനിടയില്ല. കാരണം രണ്ടുപക്ഷത്തെയും ഇത് വിചാരണയ്ക്ക് വിധേയമാക്കുന്നുണ്ട്. ഒരല്‍പം ഒത്തുതീര്‍പ്പ് നടത്തിയിരുന്നെങ്കില്‍, 'മെക്‌സിക്കന്‍ അപാരത'യില്‍ തുടങ്ങി രാമലീല വരെ ഉള്ള 'മല്ലു കമ്യൂണിസ്റ്റ്' സിനിമകള്‍ നേടിയെടുത്ത ഇടം 'ഈട'യ്ക്കും ലഭിക്കുമായിരുന്നു. ഒപ്പം തരക്കേടില്ലാത്ത കളക്ഷനും. അത്തരം ഒത്തുതീര്‍പ്പുകള്‍ വേണ്ടെന്ന് വെക്കുന്ന ആര്‍ജവമാണ് ഈ സിനിമയുടെ നട്ടെല്ല്. സി.പി.എമ്മിന്റെയോ ബി.ജെ.പിയുടെയോ ആരാധക സംഘം ഇത് ആഘോഷിക്കാനിടയില്ല. അങ്ങനെയൊരു സിനിമയേ ഇറങ്ങിയില്ലെന്ന മട്ടില്‍ തഴയാനാകും ശ്രമിക്കുക. വിവാദങ്ങള്‍ ഉണ്ടായാല്‍ പോലും ആളുകള്‍ കാണാന്‍ പോകുമല്ലോ.

'ഈട' ഒരു പ്രണയ കഥയാണ്. കണ്ണും പൂട്ടി, അതിസ്തുതികള്‍ ചൊരിയാനും പൊലിപ്പിച്ചെടുക്കാനും സൗകര്യം തരുന്ന 'അമ്യൂസ്‌മെന്റ് പാര്‍ക്ക് സെന്‍സിബിലിറ്റി' അല്ല ഈ സിനിമയ്ക്കുള്ളത്. നാം ജീവിക്കുന്ന സമൂഹത്തിലെ അസ്വാസ്ഥ്യജനകവും പരുഷവുമായ യാഥാര്‍ഥ്യത്തെ കുറിച്ച് അഭിപ്രായം പറയേണ്ടി വരിക എന്നത് ഒരസൗകര്യം തന്നെയാണ്. കപടവും മനുഷ്യത്വരഹിതവുമായ രാഷ്ട്രീയത്തോടും അതിന്റെ നടത്തിപ്പുകാരോടുമുള്ള പ്രതിഷേധവും ചിത്രത്തിലൂടെ അടയാളപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ആനന്ദിന്റെയും ഐശ്വര്യയുടെയും പ്രണയം ന്യൂജനറേഷന്‍ റിവ്യൂക്കാര്‍ക്ക് കൊണ്ടാടാനുള്ള മെറ്റീരിയലുമാകില്ല.

രണ്ടുജാതിയിലോ രണ്ടുമതത്തിലോ പെട്ടതുകൊണ്ടല്ല, രണ്ടുപാര്‍ട്ടികളില്‍പെട്ടവരുടെ കുടുംബത്തില്‍ ജനിച്ചതുകൊണ്ട് വെല്ലുവിളികള്‍ നേരിട്ട് ജീവിക്കേണ്ടി വരുന്നവര്‍ നമുക്കിടയിലുണ്ട് എന്നത് ചിലപ്പോള്‍ കണ്ണൂരിന് പുറത്തുള്ള മലയാളികള്‍ക്ക് അവിശ്വസനീയമാകാം. എന്നാല്‍ അറിയുക- 'ഈട'യില്‍ കാണുന്നതും മലയാളി ജീവിതം തന്നെ.

2016-ല്‍ ഇറങ്ങിയ 'കിസ്മത്ത്' അതിലെ പുതുരാഷ്ട്രീയ നിലപാടുകള്‍ കൊണ്ടാണ് ശ്രദ്ധേമായത്. അതിലെ ഷെയ്ന്‍ നിഗം തന്നെയാണ് 'ഈട'യില്‍ ആനന്ദിനെ അവതരിപ്പിക്കുന്നത് എന്നത് യാദൃശ്ചികമാകില്ല. ഷെയ്‌നിന് ചലഞ്ചിങ് ആയൊരു കഥാപാത്രം തന്നെയാണ് ആനന്ദ്. 'തൊണ്ടിമുതലി'ലെ ശ്രീജയെ അവതരിപ്പിച്ച നിമിഷയെ 'ഈട'യില്‍ കൊണ്ടുവന്നതും മലയാള സിനിമയില്‍ രൂപപ്പെടുന്ന പുതുരാഷ്ട്രീയത്തിന്റെ തുടര്‍ച്ചതന്നെയാണ്. കണ്ണൂര്‍ ഭാഷയിലുള്ള ഡബ്ബിങ് മറ്റൊരാളെ കൊണ്ട് ചെയ്തതിനാലാകണം, ഐശ്വര്യയുടെ കഥാപാത്രം കൂടുതല്‍ റിയലിസ്റ്റിക് ആണ്. ഈടയില്‍ വില്ലന്മാരില്ല എന്നാണ് എനിക്ക് തോന്നുന്നത്. വ്യവസ്ഥിതിക്കകത്ത് പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കാനോ പെരുമാറാനോ നിര്‍ബന്ധിതരാകുന്ന കഥാപാത്രങ്ങളേയുള്ളൂ. ഓരോ ചെറുകഥാപാത്രത്തിനും പറയാന്‍ കഥയുണ്ട്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ പോലെ സിനിമയിലെ കഥാപാത്രങ്ങളുടെ കഥയും അവസാനിക്കുന്നില്ല. ചുരുക്കം സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ലോട്ടറി വില്‍പ്പനക്കാരന്‍ പോലും പറയാന്‍ കഥകള്‍ ബാക്കിവെക്കുന്നുണ്ട്.

'കമ്മട്ടിപ്പാട'ത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന് ലഭിച്ച ഉപേന്ദ്രന്‍ എന്ന കാരക്ടര്‍ അദ്ദേഹം ഹൃദയസ്പര്‍ശിയാക്കിയിട്ടുണ്ട്. അലന്‍സിയറിന്റെ ഗോവിന്ദന്‍ എന്ന കെ.ജെ.പി ലോക്കല്‍ നേതാവ്, സുജിത്തിന്റെ കാരിപ്പള്ളി ദിനേശന്‍, പി.ബാലചന്ദ്രന്റെ ഭട്ട് അങ്ങനെ ഓരോ കഥാപാത്രവും നമ്മള്‍ നിരന്തരം കണ്ടുമുട്ടുന്നവര്‍ തന്നെ. ചുരുക്കം സീനുകളില്‍ മാത്രം വന്ന സുരഭിയും കഥാപാത്രം കൊണ്ട് പ്രേക്ഷകരില്‍ അടയാളപ്പെടുത്തും.

ആദ്യപകുതിയിലെ പ്രണയം കുറച്ചുകൂടി ചുരുക്കിയിരുന്നെങ്കില്‍ കുറെക്കൂടി തീവ്രവും തീക്ഷ്ണവും ആയേനെ എന്നുതോന്നി. ചിത്രത്തിന്റെ ദൈര്‍ഘ്യവും കുറയുമായിരുന്നു. ചന്ദ്രന്‍ വേയാറ്റുമ്മലിന്റെ 'മാരിവില്‍' എന്ന പാട്ടുകേള്‍ക്കുമ്പോള്‍ ചായില്യത്തിലെ 'അമ്പിളിപ്പൂവുകള്‍' ഓര്‍മവരും. അതും അദ്ദേഹത്തിന്റെ പാട്ടുതന്നെ.

യാഥാര്‍ഥ്യങ്ങളെ അവതരിപ്പിച്ച് മാറിനില്‍ക്കുന്ന സിനിമയല്ല 'ഈട'. സിനിമയിലെ വളരെ ശക്തമായ ചില പ്രസ്താവനകള്‍ കൂടുതല്‍ വായനകള്‍ ആവശ്യപ്പെടുന്നതാണ്. അതിലൊന്നാണ് ഐശ്വര്യയുടെ വിവാഹവിരുന്നു രാത്രിയില്‍ 'പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളേ' എന്ന പാട്ടുകേള്‍ക്കുമ്പോള്‍ 'ഒന്നത് നിര്‍ത്തുമോ ഏട്ടാ' എന്നു ചോദിക്കുന്ന രംഗം. കൊയ്ത്തരിവാള്‍ ചോര കൊയ്യുന്ന വാളായി മാറിയതും അതിനോടുള്ള പെണ്‍ജീവിതത്തിന്റെ മടുപ്പും എല്ലാം ഉണ്ട് അതില്‍. അത്തരം നിരവധി സൂക്ഷ്മ സന്ദര്‍ഭങ്ങള്‍ സിനിമയില്‍ ഒതുക്കിയിട്ടുണ്ട്. കൊല്ലാന്‍ സമയം നോക്കാറില്ലെങ്കിലും മംഗലം കഴിക്കാന്‍ മുഹുര്‍ത്തം നോക്കുന്ന വൈരുദ്ധ്യാത്മക ഭൗതികവാദികള്‍ 'ഈട'യിലുണ്ട്.

കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ജാതി സ്വഭാവത്തെ അഭിസംബോധന ചെയ്യുന്നതിലും ചിത്രം വിമുഖത കാട്ടിയിട്ടില്ല. അക്രമികളും കൊല്ലപ്പെടുന്നവരും കീഴാള ജാതിക്കാരാണ് എന്ന് പലയിടത്തായി പറഞ്ഞുവെക്കുന്നുണ്ട്. വീല്‍ ചെയറില്‍ ജീവിക്കുന്ന കഥാപാത്രത്തിന് കല്ലേന്‍ എന്ന ഇനിഷ്യല്‍ നല്‍കുന്നതില്‍ പോലും രാഷ്ട്രീയത്തിന്റെ വിന്യാസമുണ്ട്. വടക്കേമലബാറിലെ പുലയ സമുദായത്തിലുള്ളവരുടെ തറവാട്ടുപേരുകളിലൊന്നാണ് കല്ലേന്‍ എന്നത് കണ്ണൂരുകാര്‍ക്കു മാത്രമേ ചിലപ്പോള്‍ മനസിലാകൂ. കളിയാട്ടത്തിനിടെ പൊട്ടന്‍ തെയ്യത്തെയാണ് കൊണ്ടുവരുന്നത് എന്നതും ശ്രദ്ധേയം. ശങ്കരാചാര്യരെ തടഞ്ഞുനിര്‍ത്തി ജാതി കോയ്മയെ ചോദ്യം ചെയ്യുന്നയാളാണ് പൊട്ടന്‍. 'നാങ്കളെ കൊത്ത്യാലും നീങ്കളെ കൊത്ത്യാലും ചോര്യല്ലേ ചൊവ്വറേ' എന്നു പണ്ട് ചോദിച്ച പൊട്ടന്‍ തെയ്യത്തിന് ചോര രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ അര്‍ഥമാണുണ്ടാകുക. പാര്‍ട്ടി, ജാതിയെക്കാള്‍ കടുപ്പമുള്ള ജാതിയായി മാറുമ്പോള്‍ 'ഇന്റര്‍ പാര്‍ട്ടി പ്രണയ'വും സാമൂഹ്യവിപ്ലവം തന്നെ.

ശേഷം: ഈടയില്‍ പലയിടത്തായി അജിത്ത് കുമാര്‍ ഒളിപ്പിച്ചുവെച്ച രോഷത്തിന്റെ വെടിമരുന്നുകളുണ്ട്. ഒരുപക്ഷേ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രത്തിലേ പൊട്ടിത്തെറിക്കൂ എന്നു തോന്നുന്നു.

Comments

Popular posts from this blog

രാത്രിരാഗങ്ങളുടെ അലിഗഢ്

ഹന്‍സല്‍ മേത്തയുടെ 'അലിഗഢ്' ഫിബ്രവരിയിലാണ് തിയറ്ററുകളിലെത്തിയത്. റിലീസ് കാലത്തേക്ക് ഒതുങ്ങേണ്ട ചിത്രമല്ല ഇത്. ബോളിവുഡില്‍ ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. ഹൃദ്യമായൊരു സൗഹൃദത്തിന്റെ ഓര്‍മ; ഒരു രാത്രിരാഗത്തിന്റെ വശ്യതയോടെ നേര്‍ത്തും കനത്തും ഇഴഞ്ഞും ഇഴുകിയും പാടിത്തീരുന്ന ഗാനം- അങ്ങനെയാണ് അലിഗഢ്. പെട്ടെന്നൊന്നും മായാത്ത, വിഷാദം നിഴല്‍ പടര്‍ത്തി നില്‍ക്കുന്ന ദൃശ്യാനുഭവം.  അലിഗഢ് സര്‍വകലാശാലയിലെ മറാത്തി പ്രൊഫസര്‍ ശ്രീനിവാസ രാമചന്ദ്ര സിറസിനെ അവിസ്മരണീയനാക്കിയ മനോജ് ബാജ്‌പേയിയുടെ അഭിനയ ചാരുത അതിലേറെ ഹൃദ്യം. ഉടല്‍കൊണ്ട് നടന്‍ തീര്‍ക്കുന്ന കവിതയാണ് മികച്ച കഥാപാത്രമെങ്കില്‍, തിരശ്ശീലയില്‍ മനോജ് തീര്‍ക്കുന്ന മനോഹര കാവ്യമാണ് സിറസ്. 2014-ല്‍ 'ഷാഹിദ്' എന്ന ചിത്രത്തിലൂടെ രാജ്കുമാര്‍ റാവുവിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മേത്ത മനോജിനെയും ആ സാധ്യതയിലേക്ക് ഉയര്‍ത്തിയേക്കും. റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ ബുസാന്‍, ലണ്ടന്‍ മേളകളില്‍ ഏറെ പ്രശംസ നേടിയിരുന്നു ചിത്രം. 'ഇന്ത്യന്‍ സിനിമയില്‍ പുരുഷ സ്വവര്‍ഗാനുരാഗം പ്രമേയമായി ഇന്നേവരെ ഇറങ്ങിയതി...

സംവരണം വന്ന വഴികള്‍

വി.വി.വിജു ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ പലഘട്ടങ്ങളിലും സംവരണ ചര്‍ച്ചകള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന വിഷയമാണ് ഇതെന്നതാണ് കാരണം. അടുത്തിടെ ഗുജറാത്തില്‍ പത്തിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഈ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. പട്ടേല്‍ സമുദായത്തെ ഒ.ബി.സി(മറ്റു പിന്നാക്ക വിഭാഗം) പട്ടികയില്‍ ഉള്‍പ്പെടുത്തി തൊഴില്‍ സംവരണം നല്‍കണമെന്നാണ് ആവശ്യം. ഹാര്‍ദിക്ക് പട്ടേല്‍ എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ കൊളുത്തിവിട്ട ഈ സമരത്തിന് മറ്റിടങ്ങളിലും അലയൊലികളുണ്ടായി. വടക്കേ ഇന്ത്യയിലെ ജാട്ട് സമുദായക്കാരും ഗുജ്ജറുകളും ഇതിന്റെ ചുവടുപിടിച്ച് സമരത്തിന് തയാറെടുക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തിന്റെ സമരവും ബി.ജെ.പി സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ആളികത്താനാണ് സാധ്യത. ഇതുമാത്രമല്ല, സംവരണത്തെ സംവാദങ്ങളിലേക്ക് കൊണ്ടുവരാന്‍ കാരണമായത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ഐ.ഐ.ടിയില്‍ 73 വിദ്യാര്‍ഥികളെ പുറത്താക്കി. പരീക്ഷയില്‍ മോശം പ്രകടനം നടത്തിയതായിരുന്നു കാരണം. ഇതില്‍ 90 ശതമാനം പേരും സംവരണ വിഭാഗത്തില്‍ പ്രവേശനം നേടി...